തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് മുൻ മന്ത്രി എ.സി മൊയ്തീൻ എംഎൽഎയുടെ വീട്ടിൽ ഇ ഡി റെയ്ഡ്. വടക്കാഞ്ചേരി തെക്കുംകരയിലുള്ള വീട്ടിലാണു പരിശോധന. പന്ത്രണ്ട് പേരടങ്ങുന്ന ഇ.ഡി സംഘമാണ് പരിശോധന നടത്തുന്നത്. എ സി മൊയ്തീനുമായി ബന്ധമുള്ള 4 പേരുടെ വീടുകളിലും പരിശോധന നടത്തുന്നുണ്ട്.
ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ എംഎൽഎയുടെ പങ്ക് ഉയർന്ന് കേട്ടിരുന്നു. ബാങ്ക് തട്ടിപ്പിൽ എ സി മൊയ്തീന് നേരിട്ട് ബന്ധമുണ്ടെന്ന് ഇ ഡി പറയുന്നു. സംഭവത്തിൽ എൻഫോഴ്സ്മെന്റ് വിശദമായ അന്വേഷണം നടത്തി വരികയായിരുന്നു. കേസിൽ പരാതിക്കാരനായ സുരേഷിന്റെ അടക്കം മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. കേസിൽ സർക്കാർ ഉദ്യോഗസ്ഥർക്കും സി.പി.എം നേതാക്കൾക്കും ബന്ധമുണ്ടെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു. തട്ടിപ്പിലെ പണം സി.പി.എമ്മിനാണു ലഭിച്ചതെന്നും ആരോപണമുണ്ട്.
കരിവന്നൂർ ബാങ്ക് തട്ടിപ്പുകേസിൽ 18 പേരെയാണ് ഇഡി പ്രതിപ്പട്ടികയിൽ ചേർത്തിട്ടുള്ളത്. ബാങ്ക് തട്ടിപ്പിൽ മൊയ്തീന് പങ്കുണ്ടെന്ന് കണ്ടെത്തിയതോടെയാണ് ഇപ്പോൾ റെയ്ഡ്. 300 കോടിയുടെ ക്രമക്കേടാണ് കണ്ടെത്തിയിരിക്കുന്നത്. ക്രമ വിരുദ്ധമായി വായ്പ നൽകിയെന്നും ക്രമ വിരുദ്ധമായി ഇടപെടൽ നടത്തിയെന്നുമാണ് കണ്ടെത്തൽ. രാവിലെ ഏഴിന് ആരംഭിച്ച പരിശോധന ഇപ്പോഴും തുടരുകയാണ്.

