തിരുവനന്തപുരം: ഉമ്മന്‍ചാണ്ടിയെ അനുകൂലിച്ച് സംസാരിച്ചതിനല്ല സതിയമ്മയെ പുറത്താക്കിയതെന്ന് മന്ത്രി ചിഞ്ചുറാണി. സതിയമ്മ താത്ക്കാലികയല്ല, ആളുമാറിയാണ് സതിയമ്മ ജോലി ചെയ്തതെന്നും ഇതുസംബന്ധിച്ച് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നീക്കം ചെയ്തതെന്നും മന്ത്രി പറഞ്ഞു. ജിജി എന്ന താത്കാലിക ജീവനക്കാരിക്ക് പകരക്കാരിയായാണ് ഇവര്‍ ജോലി ചെയ്തത്.
ജിജിമോളുടെ അക്കൗണ്ടിലേക്ക് വരുന്ന പണം സതിയമ്മ കൈപ്പറ്റിയിരുന്നു. ഇതു സംബന്ധിച്ച പരാതി ലഭിച്ചപ്പോഴാണ് നടപടിയെടുത്തത്. നടപടിക്കു പിന്നില്‍ രാഷ്ട്രീയമില്ലെന്നും മന്ത്രി വ്യക്തമാക്കി. ജിജിമോള്‍ എന്ന പെൺകുട്ടിയെ നിയമിക്കാനാണ് ഫെബ്രുവരിയിൽ യൂണിറ്റ് കത്ത് നൽകിയത്. ശമ്പളം പോകുന്നതും ജിജിമോളുടെ അക്കൗണ്ടിലേക്കാണ്. പക്ഷേ, ജോലി ചെയ്തത് സതിയമ്മയാണ്. ഇതെങ്ങനെ സംഭവിച്ചെന്ന് അറിയില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഐശ്വര്യ കുടുംബശ്രീ വഴിയാണ് പരിയാരം വെറ്ററിനറി പോളിക്ലിനികിന്റെ കീഴിലുള്ള പുതുപ്പള്ളി വെറ്ററിനറി സബ് സെന്ററില്‍ പാര്‍ട്ട് ടൈം സ്വീപ്പര്‍ താത്കാലിക ജോലി ചെയ്ത് വരുന്നത്. ആറ് മാസത്തെ കരാറാണിത്. നിലവില്‍ ജിജിമോള്‍ എന്നയാളെയാണ് അവിടെ കുടുംബശ്രീ നിയമിച്ചിരിക്കുന്നത്. അഞ്ച് ദിവസം മുന്‍പ് ഡപ്യൂട്ടി ഡയറക്ടര്‍ നടത്തിയ പരിശോധനയില്‍ ജിജിമോളല്ല ജോലി ചെയ്യുന്നതെന്ന് കണ്ടെത്തിയത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് മൃഗസംരക്ഷണ വകുപ്പ് വിശദീകരിച്ചു.

