ബെംഗളൂരു ; സോഫ്റ്റ് ലാൻഡിംഗിനായി എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായും, മുൻനിശ്ചയപ്രകാരം ചന്ദ്രയാൻ 3ന്റെ സോഫ്റ്റ് ലാൻഡിങ് വൈകിട്ട് 5.45ന് തന്നെ തുടങ്ങുമെന്നും ഇസ്റോ അറിയിച്ചു. 5.44ന് ചന്ദ്രോപരിതലത്തില്‍ നിന്ന് ചന്ദ്രയാന്‍–3 ഇറങ്ങല്‍ പ്രക്രിയ ആരംഭിക്കും. വൈകീട്ട് 6.04 ന് ചന്ദ്രനിലിറങ്ങും. പ്രവർത്തനങ്ങൾ നിരീക്ഷിക്കാനായി ഓപ്പറേഷൻ ടീം സജ്ജമാണെന്നും ഇസ്റോ അറിയിച്ചു. ചന്ദ്രയാൻ ലാൻഡിങ്ങിനുള്ള എല്ലാ ഒരുക്കങ്ങളും പൂർണമെന്നും ദൗത്യം പ്രതീക്ഷിച്ചതുപോലെ തന്നെ മുന്നോട്ട് നീങ്ങുന്നുവെന്നും ഇസ്റോ ഐഎസ്ആർഒ എക്‌സിലൂടെ വ്യക്തമാക്കി.
ചന്ദ്രോപരിതലത്തിൽ നിന്ന് ഏകദേശം 25 കിലോമീറ്റർ ഉയരത്തിൽ വച്ചാണ് ഇറങ്ങൽ പ്രക്രിയ തുടങ്ങുക. ലാൻഡറിലെ 4 ത്രസ്റ്റർ എൻജിനുകളാണ് വേഗം കുറച്ചു സാവധാനം ഇറങ്ങാൻ സഹായിക്കുന്നത്. ഇന്നത്തെ ലാൻഡിങ് വിജയകരമായാൽ 25ന് ലാൻഡർ മൊഡ്യൂളിന്റെ ഉള്ളിലുള്ള റോവർ ചന്ദ്രോപരിതലത്തിലിറങ്ങും. എന്തെങ്കിലും അപ്രതീക്ഷിത സാഹചര്യമുണ്ടായാൽ ലാൻഡിങ് ഓഗസ്റ്റ് 27ലേക്ക് മാറ്റുമെന്ന് ഇസ്റോ നേരത്തേ അറിയിച്ചിരുന്നു.

