കോഴിക്കോട്: രാജ്യത്തിനെ അവഹേളിക്കുന്ന ചിത്രവുമായി എസ്എഫ് ഐ. കോഴിക്കോട് യൂണിവേഴ്സിറ്റി കാമ്പസിൽ എസ് എഫ് ഐ വീണ്ടും ഇന്ത്യ വിരുദ്ധ പോസ്റ്റർ പതിച്ചു . പ്രതീകാത്മക പോസ്റ്ററിൽ, കശ്മീരിന്റെ ഭൂപടത്തിൽ ‘പശുത്തലയുള്ള മനുഷ്യരൂപം’ മൂത്രമൊഴിക്കുന്നതാണ് വരച്ചു വച്ചിരിക്കുന്നത്. മോഡിഫൈഡ് ഇന്ത്യ ഇന്ന അടിക്കുറിപ്പോടെയുള്ള ചിത്രത്തിൽ, രക്ഷാബന്ധൻ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രത്യക്ഷത്തിൽ സംഘപരിവാറിനും, നരേന്ദ്ര മോദിക്കും എന്ന് തോന്നിപ്പിക്കുമെങ്കിലും, ചിത്രത്തിൽ , എസ് എഫ് ഐയുടെ രാജ്യവിരുദ്ധത മറനീക്കി പുറത്തുവരുന്നുണ്ട്.
അതെ സമയം പരസ്യമായ രാജ്യവിരുദ്ധ പ്രവർത്തനം നടന്നിട്ടും അധികൃതരുടെ ഭാഗത്ത് നിന്നും യാതൊരുവിധ നടപടിയും ഉണ്ടായിട്ടില്ല എന്നതും ശ്രദ്ധേയമാണ്. നവാഗതരായ വിദ്യാർത്ഥികൾ യൂണിവേഴ്സിറ്റിയിൽ എത്തുന്ന സമയം കൂടി കണക്കിലെടുത്താണ് എസ് എഫ് ഐ പോസ്റ്റർ പതിച്ചിട്ടുള്ളത്.
മുൻപും യൂണിവേഴ്സിറ്റി കാമ്പസിൽ സമാനമായ രീതിയിൽ, രാജ്യവിരുദ്ധ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മുൻപ് പോപ്പുലർ ഫ്രണ്ടിന്റെ വിദ്യാർത്ഥി വിഭാഗമായ കാമ്പസ്ഫ്രണ്ട്ന്റെ നേതൃത്വത്തിൽ തുടർച്ചയായി ഇന്ത്യാവിരുദ്ധ പോസ്റ്ററുകൾ സർവകലാശാലയിൽ നിറഞ്ഞിരുന്നു. സി എ എ വിരുദ്ധ സമരത്തിന്റെ ഭാഗമായി യൂണിവേഴ്സിറ്റിയിൽ, ഒരു വിഭാഗം സംഘടനകൾ സംഘടിപ്പിച്ച സെമിനാറുകളിൽ ഇന്ത്യ വിരുദ്ധത നിറഞ്ഞു നിന്നിരുന്നതായും ആക്ഷേപമുണ്ട്.
കോഴിക്കോട് സർവകലാശാല രാജ്യവിരുദ്ധ പ്രവർത്തനങ്ങളുടെ കേന്ദ്രമായി മാറുന്നുവെന്ന ആക്ഷേപം നേരത്തെ തന്നെ ഉയർന്നിട്ടുണ്ട്. അൽഖൊയ്‌ദ ഭീകരവാദി ഇബ്രഹിം സുലൈമാൻ അൽറുബായിഷിന്റെ കവിത സിലബസ്സിൽ ഉൾപ്പെടുത്തി ഇംഗ്ലീഷ് ബിരുദ വിദ്യാർത്ഥികളെ പഠിപ്പിക്കാൻ ആസൂത്രിത ശ്രമം നടന്നിരുന്നു.
കേരളത്തിലെ വിവിധ കോളേജുകളിൽ, നരേന്ദ്ര മോദിക്കും, സംഘ്പരിവാറിനും എതിരെ എന്ന രീതിയിൽ എസ് എഫ് ഐ തുടർച്ചായി രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നുവെന്ന ആക്ഷേപവും ശക്തമാണ്. പാലക്കാട് വിക്ടോറിയ കോളേജിൽ എസ് എഫ് സ്ഥാപിച്ച സമാനമായ ബോർഡ്, എബിവിപി പ്രവർത്തകരുടെ പ്രതിഷേധത്തെത്തുടർന്ന് എടുത്ത് മാറ്റിയിരുന്നു .

