ലഖ്നൗ: മുസഫര്‍നഗറില്‍ അദ്ധ്യാപിക സഹപാഠിയെ മറ്റ് കുട്ടികളെക്കൊണ്ട് തല്ലിച്ച സംഭവത്തില്‍ സ്‌കൂള്‍ പൂട്ടാന്‍ ഉത്തരവ്. സംഭവത്തില്‍ അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ സ്‌കൂള്‍ അടച്ചിടാനാണ് ഉത്തരവ് . വിദ്യാഭ്യാസ വകുപ്പ് ഇതുസംബന്ധിച്ച നോട്ടീസ് സ്‌കൂള്‍ അധികൃതര്‍ക്ക് നല്‍കി.
സ്‌കൂള്‍ അടച്ചിടുന്ന സാഹചര്യത്തില്‍ ഈ സ്‌കൂളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളുടെ പഠനം തടസപ്പെടാതിരിക്കാന്‍ കുട്ടികളെ സമീപത്തെ മറ്റ് സ്‌കൂളുകളിലേക്ക് മാറ്റും.
മുസാഫര്‍നഗറിലെ ഖുബ്ബപുര്‍ ഗ്രാമത്തിലെ നേഹ പബ്ലിക് സ്‌കൂളില്‍ വ്യാഴാഴ്ചയാണ് ഏഴുവയസ്സുകാരനെ അധ്യാപികയായ തൃപ്തി ത്യാഗി സഹപാഠികളെക്കൊണ്ട് തല്ലിച്ചത്. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെ വൻ പ്രതിഷേധം ഉയർന്നിരുന്നു . ഇതിൽ സാമുദായിക ധ്രുവീകരണം ലക്ഷ്യമിട്ട് ചില കോണുകൾ പ്രചാരണം നടത്തിയിരുന്നു .എന്നാൽ വിഷയത്തിൽ സാമുദായിക വിഷയങ്ങൾ ഇല്ലെന്ന് യുപി പോലീസ് വ്യ്കതമാക്കിയിരുന്നു.
കുട്ടിയുടെ കുടുംബം ശനിയാഴ്ച പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അധ്യാപികയ്‌ക്കെതിരേ മുസാഫര്‍നഗര്‍ പോലീസ് കേസെടുത്തിരുന്നു. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 323, 504 വകുപ്പുകള്‍പ്രകാരമാണ് കേസ്.

