തിരുവനന്തപുരം: ഉത്രാടദിനത്തിൽ സംസ്ഥാനത്ത് ബെവ്‍കോ വഴി വിറ്റത് 116 കോടിയുടെ മദ്യം. അന്തിമ കണക്കുകൾ പുറത്ത് വന്നിട്ടില്ല. അന്തിമ കണക്കുകൾ പുറത്ത് വന്നാൽ വില്പന ഇനിയും ഉയർന്നേക്കുമെന്ന് ബെവ്കോ എം ഡി വ്യക്തമാക്കുന്നു. ഏറ്റവും കൂടുതൽ മദ്യവിൽപ്പന നടന്നത് ഇരിങ്ങാലക്കുട ഔട്ട്‍ലെറ്റിലാണ്. 1.06 കോടി രൂപയുടെ മദ്യമാണ് ഇവിടെനിന്നു വിറ്റത്. 1.01 കോടി രൂപയുടെ മദ്യം വിറ്റ ,കൊല്ലം ആശ്രമം പോർട്ടാണ് രണ്ടാം സ്ഥാനത്ത്. ചങ്ങനാശ്ശേരിയിൽ 95 ലക്ഷത്തിന്റെ മദ്യം വിറ്റു.
ഓണക്കാലത്ത് മതിയായ മദ്യലഭ്യത ഉറപ്പാക്കാൻ സർക്കാർ നേരത്തെ നിർദേശം നൽകിയിരുന്നു. മദ്യവിൽപ്പനശാലകൾ ഡിജിറ്റൽ പണമിടപാട് പ്രോത്സാഹിപ്പിക്കണമെന്നും, ഇതിനായി പ്രത്യേകം നോട്ടീസ് പതിക്കുവാനും,ബെവ്‌കോ നിർദേശിച്ചിരുന്നു . ഓണക്കാലത്ത് പരമാവധി ഡിജിറ്റൽ ഇടപാട് നടത്തിയ മൂന്ന് മദ്യവിൽപ്പനശാലകൾക്ക് പ്രത്യേകം സമ്മാനവുമുണ്ട്.
സംസ്ഥാനം സ്വന്തമായി ഉത്‌പാദിപ്പിക്കുന്ന ‘ജവാൻ’ മദ്യത്തിന്റെ ലഭ്യതയ്ക്കും വിൽപ്പനയ്ക്കും ഓണക്കാലത്ത് പ്രത്യേക ശ്രദ്ധ നൽകണമെന്നും, മദ്യവിൽപ്പന മുൻനിർത്തി വിൽപ്പന ശാലകൾക്കയച്ച സർക്കുലറിൽ ബെവ്‌കോ നിർദേശം നൽകിയിരുന്നു.
സര്ക്കാരിന്റെ പ്രത്യേക ശ്രദ്ധയുടെ ഫലമായാണ്, ഉത്രാടത്തിൽ വൻതോതിൽ മദ്യവിൽപന നടന്നത്. സാമ്പത്തിക മാന്ദ്യം അനുഭവിക്കുന്ന സർക്കാർ ഖജനാവിന് വലിയ ആശ്വാസം നൽകിയാണ് ബെവ്‌കോ ഔട്ലെറ്റുകൾ വഴി കോടികളുടെ മദ്യം വിറ്റഴിഞ്ഞത്
Discussion about this post