ന്യൂഡൽഹി: സുപ്രീം കോടതി ഔദ്യോഗിക വെബ്സൈറ്റ് എന്ന നിലയിൽ വ്യാജ വെബ്സൈറ്റ് പ്രവർത്തിക്കുന്നതായി സുപ്രീം കോടതി. വ്യാജ വെബ്സൈറ്റുകളിൽ വഞ്ചിതരാകരുതെന്ന് എന്നാവശ്യപ്പെട്ട് സുപ്രീം കോടതി രജിസ്ട്രി പൊതു നോട്ടീസ് ഇറക്കി. ആളുകളുടെ സ്വകാര്യ വിവരങ്ങൾ മോഷ്ടിക്കാൻ സുപ്രീം കോടതിയുടെ പേര് ദുരുപയോഗം ചെയ്യുന്നുവെന്നതായും നോട്ടീസിൽ അറിയിച്ചു. വ്യാജ വെബ്സൈറ്റിന് പിന്നിൽ പ്രവർത്തിക്കുന്നവരെ കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതി രജിസ്ട്രാർ ഹർഗുർവരിന്ദ് സിങ് ജഗ്ഗി പോലീസിന് പരാതി നൽകിയിട്ടുണ്ട്.
http://cbins/scigv.com, https://cbins.scigv.com/offence. എന്നിവയാണ് വ്യാജ വെബ്സൈറ്റുകളുടെ യു.ആർ.എൽ. വ്യാജ വെബ്സൈറ്റ് ജനങ്ങളിൽനിന്ന് സ്വകാര്യ, രഹസ്യ വിവരങ്ങൾ ആരായുകയാണെന്ന് സുപ്രീം കോടതി രജിസ്ട്രി വ്യക്തമാക്കി. ലഭിക്കുന്ന ലിങ്കുകളുടെ ആധികാരികത പരിശോധിക്കാതെ ആരും സ്വകാര്യ, രഹസ്യ വിവരങ്ങൾ കൈമാറരുതെന്ന് കോടതി നിർദ്ദേശിച്ചു.

