ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ എപ്പോള്‍ വേണമെങ്കിലും തിരഞ്ഞെടുപ്പ് നടത്താന്‍ ഒരുക്കമാണെന്ന് കേന്ദ്ര സര്‍ക്കാര്‍. സുപ്രീം കോടതിയിലാണ് കേന്ദ്രം ഇക്കാര്യം അറിയിച്ചത്. ജമ്മു കശ്മീരിൽ ആർട്ടിക്കിൾ 370 റദ്ദാക്കിയതുമായി ബന്ധപ്പെട്ട ഹർജികളിൽ സുപ്രീം കോടതിയിൽ വാദം തുടരുന്നതിനിടെയാണ് തിരഞ്ഞെടുപ്പ് നടത്താനുള്ള സന്നദ്ധതയറിയിച്ച് കേന്ദ്ര സർക്കാർ രംഗത്ത് വന്നിരിക്കുന്നത്. എന്നാല്‍ സംസ്ഥാന പദവി തിരികെ നല്‍കുന്നതിന് കുറച്ചുകൂടി സമയമെടുക്കുമെന്നും കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു.
ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി തിരികെ കൊടുക്കുക, തിരഞ്ഞെടുപ്പ് നടത്തുക എന്നിങ്ങനെയുള്ള വിഷയങ്ങളില്‍ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് കേന്ദ്രം നിലപാട് അറിയിച്ചിരിക്കുന്നത്. നിലവില്‍ ജമ്മു കശ്മീരില്‍ വോട്ടര്‍ പട്ടിക പുതുക്കുന്ന നടപടികള്‍ അന്തിമ ഘട്ടത്തിലാണ്. ഇതിന് ശേഷം എപ്പോള്‍ തെരെഞ്ഞെടുപ്പ് നടത്തണമെന്ന് തെരെഞ്ഞെടുപ്പ് കമ്മിഷനാണ് തീരുമാനിക്കേണ്ടതെന്നും സോളിസിറ്റര്‍ ജനറല്‍ വ്യക്തമാക്കി. ജമ്മു കശ്മീരിൽ സ്ഥിരത പുനഃസ്ഥാപിക്കാനുള്ള നടപടികൾ കേന്ദ്രസർക്കാർ കൈക്കൊണ്ടിട്ടുണ്ടെന്നും സംസ്ഥാന പദവിയുടെ കാര്യം തീരുമാനിക്കുമെന്നും സോളിസിറ്റർ ജനറൽ കൂട്ടിച്ചേർത്തു.

