സൂര്യനെ തൊടാനൊരുങ്ങി ആദിത്യ എല്‍1. ഇന്ത്യയുടെ ആദ്യ സൗരദൗത്യമായ ആദിത്യ എൽ1 ഇന്ന് വിക്ഷേപിക്കും. രാവിലെ 11.50ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററില്‍ നിന്നാണ് പേടകം കുതിച്ചുയരുന്നത്. ഭൂമിയിൽ നിന്ന് 15 ലക്ഷം കിലോമീറ്റർ അകലെ സൂര്യനും ഭൂമിക്കും ഇടയിലുള്ള ലഗ്റാഞ്ച് 1 പോയിന്റ് ലക്ഷ്യമാക്കിയാണ് പേടകം കുത്തിച്ചുയരുന്നത്.
ഇന്ത്യയുടെ ആദ്യ സോളാർ ഗവേഷണ ദൗത്യത്തിന് ഏകദേശം 130 ദശലക്ഷം യുഎസ് ഡോളറാണ് ചിലവ് കണക്കാക്കുന്നത്. അതായത് 1,000 കോടിയോളം ഇന്ത്യന്‍ രൂപ. അഞ്ച് വർഷത്തിലേറെക്കാല്യം ആദ്യത്യ-എല്‍ 1 പ്രവർത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ ബഹിരാകാശത്ത് സൂര്യൻ ഭൂമിയുടെ കാലാവസ്ഥയെ എങ്ങനെ ബാധിക്കുന്നു എന്നതിനെക്കുറിച്ചുള്ള പുതിയ കാര്യങ്ങൾ നമ്മെ പഠിപ്പിക്കാനും സഹായിക്കും.
“ഇത് വളരെ പ്രധാനപ്പെട്ട ദിവസമാണ്. ആദിത്യ എൽ 1-ലെ ഏറ്റവും പ്രധാനപ്പെട്ട ഉപകരണം സൂര്യന്റെ കൊറോണയെക്കുറിച്ച് പഠിക്കും. സാധാരണയായി, ഇത് പൂർണ സൂര്യഗ്രഹണ സമയത്ത് മാത്രമേ പഠിക്കാനാവൂ… “- ജ്യോതിശാസ്ത്രജ്ഞനും പ്രൊഫസറുമായ ആർ സി കപൂർ പറഞ്ഞു.
പ്രത്യേക സോളാർ പാനലുകളുടെയും ബാറ്ററികളുടെയും സഹായത്തോടെയാണ് ആദിത്യ-എല്‍ 1 പ്രവർത്തിക്കുന്നത്. 800 കിലോമീറ്റർ അകലെയുള്ള ഭൂഭ്രമണ പാതയിൽ പേടകത്തെ എത്തിക്കുകയാണ് ആദ്യ കടമ്പ..ഭൂഭ്രമണപാതയിലെ സഞ്ചാരം വികസിപ്പിച്ച് പേടകം പിന്നീട് നാലു തവണ ഭൂമിയെ വലയം ചെയ്യും. ഈ ദൗത്യം ശാസ്ത്രത്തിൽ ഇന്ത്യയുടെ മികവും ബഹിരാകാശ ഗവേഷണ മേഖലയില്‍ പുതിയ നാഴികകല്ലായി മാറും.

