ബെംഗളുരു: ഇന്ത്യയുടെ ആദ്യ സൗരദൗത്യമായ ആദിത്യ എല്‍1 വിജയകരമായി വിക്ഷേപിച്ചു. ഇന്ന് രാവിലെ 11.50 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ നിലയത്തില്‍ നിന്ന് പിഎസ്എല്‍വി സി57 റോക്കറ്റിലായിരുന്നു വിക്ഷേപണം. സൂര്യന്റെ പുറംഭാഗത്തെ താപവ്യതിയാനം, ബഹിരാകാശ കാലാവസ്ഥ, സൗരകൊടുങ്കാറ്റ് എന്നിവ ഉള്‍പ്പടെ സൂര്യനെ കുറിച്ചുള്ള വിശദമായ പര്യവേക്ഷണമാണ് ആദിത്യ എല്‍-1 ന്റെ ദൗത്യം.
വിക്ഷേപിച്ച് 64 മിനിറ്റിന് ശേഷം ഭൂമിയില്‍ നിന്ന് 648.7 കിലോമീറ്റര്‍ അകലെ വെച്ച് ആദിത്യ പി എസ് എല്‍ വിയില്‍ നിന്ന് വേര്‍പെടും. 16 ദിവസം ഇവിടെ തുടരുന്ന ആദിത്യ എല്‍-1 അഞ്ച് തവണയായി ഭ്രമണപഥം ഉയര്‍ത്തി ലക്ഷ്യസ്ഥാനത്തേക്കുള്ള സഞ്ചാര വേഗം കൈവരിക്കും. സൂര്യന്റെ റേഡിയേഷനും, കാന്തിക വികിരണങ്ങളും ഭൂമിയെ ബാധിക്കുന്നതിന് മുമ്പ് പഠിക്കാനും അറിയാനും ഈ ദൗത്യത്തിലൂടെ സാധിക്കും. സൂര്യന്റെ പുറംഭാഗത്തെ കുറിച്ചുള്ള പഠനത്തോടൊപ്പം അത് ഭൂമിയുടെ കാലാവസ്ഥയെ എങ്ങനെ ബാധിക്കുന്നു എന്നും പഠന വിധേയമാക്കും.
Discussion about this post