ചെന്നൈ∙ രാജ്യത്തിന്റെ പ്രഥമ സൗരദൗത്യം ആദിത്യ എൽ1 വിക്ഷേപിച്ചു. ഇന്നു പകൽ 11.50ന് ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്പേസ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയിൽനിന്നാണ് പിഎസ് എൽ വി കുതിച്ചുയർന്നത് .ആദ്യ രണ്ടു ഘട്ടങ്ങൾ വിജയകരമായി പിന്നിട്ടെന്നും പേലോഡുകൾ വേർപ്പെട്ടെന്നും ഐഎസ്ആർഒ അറിയിച്ചു.
1480.7 കിലോ ഭാരമുള്ള ആദിത്യയുമായാണ് പിഎസ്എൽവി – എക്സ്എൽ സി57 റോക്കറ്റ് സ്പേസ് സെന്ററിൽ നിന്നും കുതിച്ചുയർന്നത്. വിക്ഷേപണത്തിന് ശേഷം 64 മിനിറ്റിനുശേഷം, ആദിത്യ റോക്കറ്റിൽനിന്നു വേർപെടും. ഭൂമിയിൽ നിന്നും 648.7 കിലോമീറ്ററുകൾക്കപ്പുറം വച്ചാണ് ഈ പ്രവർത്തനം നടക്കുക.
തുടർന്ന് നാല് തവണയായി ഭ്രമണ പഥം ഉയർത്തും. 125 ദിവസങ്ങൾ കൊണ്ടാണ് ഈ പ്രവർത്തനം പൂർത്തീകരിക്കുക. ഭൂമിയിൽ നിന്ന് 15 ലക്ഷം കിലോമീറ്ററുകൾക്കകലെയാണിത്.
ഭ്രമണപഥം പടിപടിയായി ഉയർത്തി ലക്ഷ്യ സ്ഥാനമായ ഒന്നാം ലെഗ്രാൻച്ചേ ബിന്ദുവിൽ എത്തും. സൂര്യനെ തടസങ്ങളില്ലാതെ, നിരീക്ഷിക്കാനും, പഠിക്കാനും ഇതുമൂലം സാധിക്കും. സൂര്യ വികിരങ്ങൾമൂലം ഭൂമിയിൽ ഉണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ചും, സൂര്യനിലെ ചൂടിനെക്കുറിച്ചും, സൂര്യ വികിരണങ്ങൾ മൂലം കാലാവസ്ഥയിൽ ഉണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ചുമൊക്കെ, ആദിത്യ ദൗത്യം വഴി പഠിക്കാൻ സാധിക്കും.
Discussion about this post