തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ബുധനാഴ്ച്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. ഏഴു ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഇന്ന് യെലോ അലർട്ട് പ്രഖ്യാപിച്ചത് . തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ആലപ്പുഴ ജില്ലയിൽ ഓറഞ്ച് അലർട്ടും, ബുധനാഴ്ച ഇടുക്കിയിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
സെപ്റ്റംബർ മൂന്നോടെ വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ പുതിയൊരു ചക്രവാതച്ചുഴി രൂപപ്പെടാൻ സാധ്യതയുണ്ടെന്നും, 48 മണിക്കൂറിനുള്ളിൽ ഇത് ശക്തമായ ന്യൂനമർദമായി മാറാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
അതെ സമയം,അതിശക്തമായ മഴ മൂലം ജലനിരപ്പ് ക്രമാതീതമായി ഉയർന്നതിനെ തുടർന്ന് മൂഴിയാർ അണക്കെട്ടിന്റെ 3 ഷട്ടറുകൾ ഉയർത്തി. മണിയാർ ഡാമിന്റെയും രണ്ടു ഷട്ടറുകൾ ഉയർത്തിയിട്ടുണ്ട്. കനത്ത മഴയെത്തുടർന്ന് മണ്ണിടിച്ചിൽ ഭീഷണി ഉള്ളതിനാൽ ഗവിയിലേക്കുള്ള പ്രവേശനം താൽക്കാലികമായി നിർത്തിവെച്ചിട്ടുണ്ട്. ഇന്നലെ രാത്രി വിവിധ ജില്ലകളിൽ അതിശക്തമായ മഴ യുണ്ടായിരുന്നു
Discussion about this post