കൊച്ചി; സനാതന ധർമ്മം തുടച്ചു നീക്കണമെന്ന ഉദയനിധി സ്റ്റാലിന്റെ പ്രസ്താവനയ്‌ക്കെതിരെ പ്രതിഷേധം അലയടിക്കുന്നതിനിടയിൽ, സനാതനധർമ്മ വിഷയത്തിൽ പ്രതികരണവുമായി സിനിമാ താരം രചന നാരായണൻ കുട്ടി. സനാതന ധർമ്മം ഉന്മൂലനം ചെയ്യാൻ അല്ല , ഒന്നുകൂടെ ഉറപ്പിച്ചും തറപ്പിച്ചും അവതരിപ്പിക്കാനുള്ള ഉചിതമായ സമയം ആണ് ഇതെന്ന് താരം ഫേസ്ബുക് പോസ്റ്റിൽ അഭിപ്രായപ്പെട്ടു.പാടെ ഉന്മൂലനം ചെയ്യാൻ പറ്റുന്ന ഒന്നാണോ സനാതന ധർമ്മമെന്നും താരം ചോദിച്ചു.
സനാതന ധർമ്മത്തിന്റെ സ്വഭാവം എന്നത് തന്നെ “നിങ്ങളിൽ ചോദ്യങ്ങൾ ഉന്നയിപ്പിക്കുക” എന്നതാണ്, നിങ്ങൾക്ക് മുൻകൂട്ടി തയ്യാറാക്കിയ ഉത്തരങ്ങൾ നൽകാനല്ല – മറിച്ചു, ചോദ്യങ്ങൾ ഉന്നയിക്കാനാണ് അത് ശീലിപ്പിക്കുന്നത്, എല്ലാ ഉറവിടവും കണ്ടെത്തുന്ന തരത്തിൽ ചോദ്യം ചെയ്യലിനെ ആഴത്തിലാക്കുവാനാണ് അത് കാണിച്ചു തരുന്നത്! സനാതന ധർമ്മം വളരെ സബ്ജക്റ്റീവ് ആയ ഒന്നാണ്. അവിടെ, ഇതാണ് “നമ്മുടെ” വഴി എന്നൊന്നില്ല. “നമ്മുക്ക്” അങ്ങനെ പ്രത്യേകിച്ചൊരു വഴിയൊന്നും ഇല്ലന്നെ! “എന്താണോ ഉള്ളത് അത്” – അതാണ് സനാതനം! രചന വ്യക്തമാക്കുന്നു.
സ്വർഗ്ഗത്തിൽ പരിഹാരങ്ങൾ വാഗ്ദാനം ചെയ്യുന്ന തത്ത്വചിന്തകൾ ഇനി ഇവിടെ പ്രവർത്തിക്കാൻ പോകുന്നില്ല. യുക്തിക്ക് നിരക്കാത്ത വിപുലമായ തത്ത്വചിന്തകൾ ഇനി ഇവിടെ പ്രവർത്തിക്കാൻ പോകുന്നില്ല. എല്ലാത്തിനും പ്രായോഗികമായ പരിഹാരങ്ങൾ ജനം ആഗ്രഹിക്കുന്നു. നമ്മൾ കണ്ടിട്ടില്ലാത്ത മറ്റൊരിടത്ത്, ഒരു പരിഹാരം ഉണ്ട് എന്നത് മനുഷ്യന് താല്പര്യമില്ലാത്ത കാലമെത്തി. അതുകൊണ്ടു തന്നെ, “ഞാൻ-എന്ത്-പറയുന്നു-അത് -നിങ്ങൾ-വിശ്വസിക്കണം-അല്ലെങ്കിൽ-നിങ്ങൾ-മരിക്കും” എന്ന പഴയ നയം ഇവിടെ പ്രവർത്തിക്കാൻ പോകുന്നില്ല. അതിനാൽ, സനാതന ധർമ്മം ഉന്മൂലനം ചെയ്യാൻ അല്ല , ഒന്നുകൂടെ ഉറപ്പിച്ചും തറപ്പിച്ചും അവതരിപ്പിക്കാനുള്ള ഉചിതമായ സമയം ആണ് ഇതെന്നും താരം ഫേസ് ബുക്ക് പോസ്റ്റിൽ കുറിച്ചു .
താരത്തിന് വൻ പിന്തുണയാണ് പോസ്റ്റിൽ ലഭിക്കുന്നത്.

