കോട്ടയം: പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഇന്ന്. രാവിലെ ഏഴു മണി മുതല്‍ വൈകിട്ട് ആറു മണി വരെയാണ് പോളിങ്. ഞായറാഴ്ച പരസ്യപ്രചാരണം അവസാനിച്ചതിനെ തുടർന്ന് നിശ്ശബ്ദ പ്രചാരണത്തിലൂടെ വോട്ട് സ്വന്തമാക്കാനുള്ള ശ്രമത്തിലായിരുന്നു തിങ്കളാഴ്ച സ്ഥാനാർഥികളും മുന്നണികളും. രാവിലെ തന്നെ നീണ്ട ക്യൂവാണ് ബൂത്തുകളിൽ ദൃശ്യമായത്.
മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി മുഖ്യചർച്ചാവിഷയമായ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ വികസനവും വിവാദങ്ങളും ഒപ്പം ഉയർന്നിരുന്നു. 182 പോളിങ് ബൂത്താണ് സജ്ജീകരിച്ചിട്ടുള്ളത്. ഇതിൽ പത്തെണ്ണം പൂർണമായും വനിതകളാകും നിയന്ത്രിക്കുക. എല്ലാ ബൂത്തിലും വെബ്കാസ്റ്റിങ് ഏർപ്പെടുത്തിയിട്ടുണ്ട്. ചൊവ്വാഴ്ച പുലർച്ച 5.30 മുതൽ പോളിങ് അവസാനിക്കുന്നതുവരെയുള്ള ബൂത്തുകളിലെ നടപടികൾ കലക്ടറേറ്റിലെ കൺട്രോൾ റൂമിലൂടെ തത്സമയം വീക്ഷിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
മുൻമുഖ്യമന്ത്രിയുടെ മരണത്തെത്തുടർന്ന് അദ്ദേഹത്തിന്റെ മകൻ ചാണ്ടി ഉമ്മൻ സ്ഥാനാർഥിയാകുന്ന ആദ്യ മത്സരമാണിത്. ഇടതു മുന്നണി സ്ഥാനാർഥി ജെയ്ക് സി.തോമസാണു മുഖ്യഎതിരാളി. രണ്ട് തവണ അച്ഛനോടു മത്സരിച്ച ശേഷം മകനോടു ജെയ്ക് മത്സരിക്കുന്നു എന്ന പ്രത്യേകതയുണ്ട്. ലിജിൻ ലാലാണ് എൻഡിഎ സ്ഥാനാർഥി. ആംആദ്മി പാർട്ടിയുടേത് ഉൾപ്പെടെ 7 പേർ മത്സരരംഗത്തുണ്ട്. 1,76,417 വോട്ടർമാരാണ് നിലവിൽ പുതുപ്പള്ളിയിലുളളത്. 90,281 സ്ത്രീകളും 86,132 പുരുഷന്മാരുമടക്കം 1,76,417 വോട്ടർമാരാണ് പുതുപ്പളളിയിലുള്ളത്. 957 കന്നിവോട്ടർമാരും ഇക്കുറി പുതുപ്പള്ളിയിലുണ്ട്. അരനൂറ്റാണ്ട് കാലം യുഡിഎഫിനെ കൈവിടാത്ത മണ്ഡലമാണ് പുതുപ്പളളി. പുതുപ്പള്ളി മാറ്റത്തിന് തയാറാണെന്നും മണ്ഡലം പിടിച്ചെടുക്കാനാവുമെന്ന പ്രതീക്ഷയിലാണ് എൽഡിഎഫ്. ഇടത്- വലത് കൂട്ടുകെട്ടിന്റെ പൊളളത്തരങ്ങൾ ചൂണ്ടിക്കാട്ടി മണ്ഡലത്തിൽ മികച്ച പ്രകടനം കാഴ്ചവയ്‌ക്കാനാവുമെന്നാണ് പ്രതീക്ഷിയിലാണ് ബിജെപി.
Discussion about this post