ന്യൂദൽഹി: ഇന്ത്യയല്ലിനി ഭാരതം. രാജ്യത്തിന്റെ പേര് ഭാരതം എന്നത് മാത്രമാക്കി മാറ്റാനാണ് കേന്ദ്രസർക്കാർ നീക്കം. ഈ മാസം നടക്കുന്ന പ്രത്യേക പാർലമെന്‍റ് യോഗത്തിൽ രാജ്യത്തിന്റെ പേരുമാറ്റുന്ന കാര്യത്തിൽ തീരുമാനമുണ്ടായേക്കുമെന്നും പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ ഇതിനായി പ്രമേയം കൊണ്ടുവരുമെന്നുമാണ് അഭ്യൂഹം. ജി20 ഉച്ചകോടിയൽ പങ്കെടുക്കുന്ന രാഷ്ട്രത്തലവന്മാർക്കുള്ള ഔദ്യോഗിക ക്ഷണത്തിൽ ‘ഇന്ത്യൻ രാഷ്ട്രപതി’ എന്നതിനു പകരം ‘പ്രസിഡന്റ് ഓഫ് ഭാരത്’ എന്നു രേഖപ്പെടുത്തിയതാണ് അഭ്യൂഹം പടരാൻ കാരണമായത്.
സെപ്റ്റംബർ 9നു നടക്കുന്ന അത്താഴവിരുന്നിലേക്കു ജി20 നേതാക്കളെയും മുഖ്യമന്ത്രിമാരെയും ക്ഷണിച്ചുകൊണ്ടുള്ള കത്തിലാണ് രാഷ്ട്രപതി ദ്രൗപദി മുർമു ഇപ്രകാരം രേഖപ്പെടുത്തിയത്. ഇതാണ് പുതിയ അഭ്യൂഹങ്ങൾക്കും ചർച്ചകൾക്കും വഴി വച്ചിരിക്കുന്നത്. ഭരണഘടനപ്രകാരം ഇന്ത്യ, ഭാരത് എന്നീ പേരുകൾക്ക് തുല്യപ്രധാന്യമാണെങ്കിലും ഇന്ത്യയെന്നത് ബ്രിട്ടീഷ് കൊളോണിയൽ കാലഘട്ടത്തിന്റെ ഭാഗമാണെന്നും ബിജെപി നേതാക്കൾ വ്യക്തമാക്കി. പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ കേന്ദ്രസർക്കാർ പ്രമേയം കൊണ്ടുവന്നേക്കും. യൂണിയൻ ഓഫ് ഭാരത് എന്ന് അസം മുഖ്യമന്ത്രി ‘എക്സി’ൽ കുറിച്ചത് അഭ്യൂഹങ്ങൾ ശക്തമാക്കാൻ ഇടയായിട്ടുണ്ട്.
Discussion about this post