തൃശൂർ: സ്പീക്കർ എ എൻ ഷംസീറിന്റെയും, ഉദയനിധി സ്റ്റാലിന്റെയും വിവാദ പ്രസ്താവനകൾക്കെതിരെ പ്രമേയം പാസ്സാക്കി പാറമേക്കാവ് ദേവസ്വം. നിക്ഷ്പക്ഷത പാലിക്കേണ്ടതായ,ഒരുന്നത നേതാവ് ഗണപതി മിത്താണെന്ന് പ്രസ്താവിച്ച് ഹൈന്ദവ സമൂഹത്തെ ആക്ഷേപിക്കുകയും, അവഹേളിക്കുകയും, വികാരങ്ങളെ വ്രണപ്പെടുത്തിയെന്നും പ്രമേയത്തിൽ കുറ്റപ്പെടുത്തുന്നു.
ഗണപതി ഭഗവാന്റെ അനുഗ്രഹത്തിനായി പ്രാർത്ഥിച്ചു പൂജകൾ നടത്തിക്കൊണ്ടാണ് നാം ഏതു നല്ലൊരു കാര്യവും സമാരംഭിക്കാറുള്ളത്. എല്ലാ മതങ്ങളും നിലനിൽക്കുന്നത് വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് .മറിച്ച് മിത്തിന്റെയും , യാഥാർഥ്യത്തിന്റെയും അടിസ്ഥാനത്തിൽ അല്ല. അങ്ങിനെയിരിക്കെ ഹൈന്ദവ വിശ്വാസത്തെ മാത്രം തിരഞ്ഞെടുത്ത് ലക്ഷ്യമാക്കി,ആക്രമണം നടത്തിയതിൽ അതിയായ അതൃപ്തിയും, ഖേദവും രേഖപ്പെടുത്തുന്നുവെന്നും പ്രമേയം വ്യക്തമാക്കുന്നു .
ഉദയനിധി സ്റ്റാലിന്റെ പ്രസ്താവന, ഇന്ത്യയിലെ ചില തല്പര കക്ഷികൾ അസ്സൂത്രിതമായി നടത്തുന്ന അജണ്ടയാണെന്ന് മനസ്സിലാക്കുന്നതായും, ഉദയനിധി സ്റ്റാലിന്റെ പേരെടുത്ത് പറയാതെ പ്രമേയത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.
ഇത്തരം പ്രസ്താവനകൾ നടത്തുന്നവരുടെ വാക്കുകൾ അർഹിക്കുന്ന അവഗണനയോടെ തള്ളിക്കളയണമെന്നും, അവരെ നിയന്ത്രിക്കേണ്ടത് അതാത് രാഷ്ട്രീയ കക്ഷികളുടെ ചുമതലയാണെന്നും പ്രമേയം ഓർമ്മപ്പെടുത്തുന്നു. നിരുത്തരവാദപരമായ പ്രസ്താവനകൾ , സമൂഹത്തിൽ മതവിദ്വേഷവും, പരസ്പര സ്പര്ധയും വളർത്താൻ മാത്രമേ ഉപകരിക്കുകയുള്ളുവെന്നും, എല്ലാ ജനസമൂഹവും ഇത്തരം പ്രസ്താവനകളെ അപലപിക്കണമെന്നും പ്രമേയം ആവശ്യപ്പെടുന്നു.

