ആലുവയിൽ മാതാപിതാക്കൾക്കൊപ്പം ഉറങ്ങിക്കിടന്ന പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ. തിരുവനന്തപുരം സ്വദേശി ക്രിസറ്റിൽ ആണ് പിടിയിലായത്. ആലുവയിലെ ബാർ ഹോട്ടലിൽ നിന്നാണ് ആലുവ ഈസ്റ്റ് പോലിസ് പ്രതിയെ പിടികൂടിയത് പ്രതിയെ പിടികൂടിയത്. ഇയാൾ മറ്റ് പല കേസുകളിലും പ്രതിയാണെന്നാണ് പോലീസ് നൽകുന്ന വിവരം. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് പ്രതി കുട്ടിയെ ആക്രമിച്ചത്. ആലുവ ചാത്തൻപുറത്തെ ഇതര സംസ്ഥാന തൊഴിലാളികളുടെ മകളാണ് പീഡനത്തിനിരയായത്. സ്വകാര്യഭാഗങ്ങളിൽ പരുക്കേറ്റ കുട്ടി കളമശേരി മെഡിക്കൽ ചികിത്സയിലാണ്.
പുലർച്ചെ കരച്ചിൽ കേട്ടുണർന്ന സമീപവാസികൾ ഒരാൾ കുട്ടിയുമായി പോകുന്നത് കണ്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഇതിന് പിന്നാലെ പ്രദേശവാസികൾ തിരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. മടങ്ങുമ്പോഴാണ് നിലവിളിച്ചുകൊണ്ട് കുട്ടി വരുന്നത് കണ്ടത്. നാട്ടുകാർ കുട്ടിയെ വീട്ടിലെത്തിക്കുകയും പോലീസിനെ വിവരമറിയിക്കുകയും ചെയ്യുകയായിരുന്നു.
അതിനിടെ, അതിക്രമത്തിന് ഇരയായ എട്ടുവയസുകാരിയ്ക്ക് അടിയന്തര ധനസഹായം അനുവദിക്കുമെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു. അടിയന്തര ധനസഹായമായി വനിത ശിശുവികസന വകുപ്പ് ആശ്വാസനിധിയിൽ നിന്നും 1 ലക്ഷം രൂപയാണ് അനുവദിക്കുക.
കുട്ടിക്ക് എറണാകുളം മെഡിക്കൽ കോളേജിൽ സൗജന്യ വിദഗ്ധ ചികിത്സ ഉറപ്പ് വരുത്തിയിട്ടുണ്ട്. ഇതിനോടൊപ്പം ആശുപത്രിയിൽ 10,000 രൂപ അടിയന്തരമായി നൽകിയിട്ടുണ്ട്. കുട്ടി വിദഗ്ധ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ്. നിലവിൽ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് സൂപ്രണ്ട് അറിയിച്ചതായും മന്ത്രി വ്യക്തമാക്കി.
സംഭവത്തെ തുടർന്ന് അടിയന്തരമായി അന്വേഷണം നടത്തി ആവശ്യമായ സംരക്ഷണം നൽകാൻ മന്ത്രി വനിത ശിശുവികസന വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകിയിരുന്നു. ഇതിനെത്തുടർന്നാണ് നടപടി. ജില്ലാ വനിത ശിശുവികസന വകുപ്പ് ഓഫീസറുടെ നേതൃത്വത്തിൽ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ, സൂപ്പർവൈസർ, സി.ഡി.പി.ഒ. തുടങ്ങിയ ഉദ്യോഗസ്ഥർ സ്ഥലവും ആശുപത്രിയും സന്ദർശിച്ച് മേൽനടപടികൾ സ്വീകരിച്ചു. പ്രതിയ്‌ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും.
Discussion about this post