തിരുവനന്തപുരം: സോളാർ കേസിലെ കെബി ഗണേഷ് കുമാറിന് എതിരെയുള്ള സിബിഐ റിപ്പോർട്ടിൽ അടിയന്തര പ്രമേയ നോട്ടീസിൽ ചർച്ചയാവാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഉച്ചയ്ക്ക് ഒരു മണിക്ക് സഭ നിർത്തി വച്ച് ചർച്ച ചെയ്യാനാണ് തീരുമാനം. പരാതിക്കാരി ആവശ്യപ്പെട്ട പ്രകാരമാണ് സോളാർ കേസിൽ അന്വേഷണം സിബിഐയെ ഏൽപ്പിച്ചതെന്നും സിബിഐ കോടതിവിധി സംബന്ധിച്ച് മാധ്യമങ്ങളിൽ വന്ന കാര്യം മാത്രമേ സർക്കാരിന് അറിയൂവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സോളാർ പീഡന കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ കുടുക്കാൻ ഗൂഢാലോചന നടന്നെന്ന് സിബിഐ വെളിപ്പെടുത്തിയിരുന്നു. ഉമ്മൻചാണ്ടിയെ കുറ്റവിമുക്തനാക്കി കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഗൂഢാലോചന സിബിഐ വിശദീകരിക്കുന്നത്. കെ.ബി ഗണേഷ് കുമാർ, ശരണ്യ മനോജ്, വിവാദ ദല്ലാൾ എന്നിവർചേർന്ന് ഉമ്മൻചാണ്ടിയെ കേസിൽ കുടുക്കാൻ ഗൂഢാലോചന നടത്തിയെന്നാണ് സിബിഐ പറയുന്നത്. എന്നാൽ ഇതുസംബന്ധിച്ച റിപ്പോർട്ട് സർക്കാറിന് ലഭിച്ചിട്ടില്ലെന്നും അതുകൊണ്ട് ഇതിന് നിയമസഭയിൽ സർക്കാർ മറുപടി പറയണം എന്ന് പറയുന്നത് യുക്തിക്ക് നിരക്കുന്നതല്ലെന്നും മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ മറുപടി പറയാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാലും വിഷയത്തിൽ ചർച്ച ആകാമെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്.
പരാതിക്കാരി എഴുതിയ കത്തിൽ ഉമ്മൻചാണ്ടിയുടെ പേര് ഉണ്ടായിരുന്നില്ല. ഇത് പിന്നീട് എഴുതിച്ചേർത്തതാണെന്നും സിബിഐ കണ്ടെത്തിയിട്ടുണ്ട്. ശരണ്യ മനോജ് നൽകിയ മൊഴിയിൽ കത്ത് തന്റെ സഹായിയെ വിട്ട് ഗണേഷ് കുമാർ കൈവശപ്പെടുത്തുകയായിരുന്നുവെന്ന് പറഞ്ഞിട്ടുണ്ടെന്നാണ് സിബിഐ പറയുന്നത്. ഈ കണ്ടെത്തലിനെതിരെയാണ് നിലവിൽ ശരണ്യ തന്നെ രംഗത്തെത്തിയിരിക്കുന്നത്.
കെ.ബി.ഗണേശ് കുമാർ എം.എൽ.എയ്ക്കെതിരെ കർശന നടപടി വേണമെന്നും എം എൽ എ സ്ഥാനത്ത് തുടരാൻ ഗണേശ് അർഹനല്ലെന്നും ഷാഫി പറമ്പിൽ എംഎൽഎ പ്രതികരിച്ചിരുന്നു. ഉമ്മൻചാണ്ടിയെ തകർക്കാൻ ഗണേശ് ഒറ്റുകാരനായി സിനിമാക്കഥകളെ വെല്ലുന്ന അതിക്രൂരമായ തിരക്കഥയാണ് തയ്യാറാക്കിയത്. ഇതിൽ സി.പി.എമ്മിന്റെയും മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവരുടെയും പങ്ക് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
Discussion about this post