‘ഉത്തരം യത് സമുദ്രസ്യ, ഹിമാദ്രേശ്ചൈവ ദക്ഷിണം
വർഷം തദ് ഭാരതം നാമ
ഭാരതീ യത്ര സംതതിഃ॥’
സമുദ്രത്തിൻ്റെ വടക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്നതും ഹിമാലയത്തിൻ്റെ തെക്ക് വ്യാപിച്ച് കിടക്കുന്നതുമായ ഭൂ പ്രദേശമാണ് ഭാരതം. അവിടെ വസിക്കുന്നതോ ഭരതൻ്റെ പിൻഗാമികളും. ഭാരതത്തെ കുറിച്ചുള്ള ഏറ്റവും പൗരാണികമായ വിവരണം ഒരുപക്ഷേ വിഷ്ണു പുരാണത്തിൽ പ്രതിപാദിച്ചിട്ടുള്ള ഈ ശ്ലോകമായിരിക്കും.
പൗരാണികമായ നമ്മുടെ പുരാണങ്ങളും,ഉപനിഷത്തുകളും, വേദങ്ങളുമോക്കെ ഉദ്ഘോഷിക്കുന്നത് ഭാരതം പുണ്യഭൂമിയാണ് എന്നാണ്. ദേവന്മാർ പോലും മോക്ഷത്തിനായി ഭാരതത്തിൽ ജനിക്കുവാൻ തപസ്സ് ചെയ്യുന്നു എന്നാണ് പുരാണങ്ങളിൽ പോലും വിവരിക്കുന്നത്.ഹൈന്ദവ ഗ്രന്ഥങ്ങളിൽ ഒക്കെ തന്നെയും ഭാരത വർഷം, ജമ്പുദ്വീപിൻ്റെ ഭാഗമാണ്.
ശകുന്തളയുടെയും ദുഷ്യന്തൻ്റെയും പുത്രനായ,ഭരതൻ്റെ ദേശമാണ് ഭാരതം.അദേഹത്തിൻ്റെ പേരിൽ നിന്നാണ് ഭാരതം എന്ന പേരിൻ്റെ ഉത്ഭവവും. പാണ്ഡവരുടെയും കൗരവരുടെയും പൂർവികനാണ് ഈ ഭരതൻ. വേദങ്ങൾ പ്രകാരം ഭാരതം എന്നത് ഒരു ഗോത്രത്തിൻ്റെ പേരാണ്..പുരു വംശത്തിന് എതിരായി ഭാരത വംശജനായ സുദാസൻ എന്ന രാജാവ് പട നയിക്കുന്നുണ്ട്.
ഏറ്റവും കുറഞ്ഞത് അയ്യായിരം വർഷത്തെ സാംസ്കാരിക പാരമ്പര്യം അവകാശപ്പെടാൻ കഴിയുന്ന രാഷ്ട്രമാണ് ഭാരതം.വേദങ്ങൾ പിറന്ന,സനാതന ധർമ്മം പിറന്ന ഭൂമി,ബൗദ്ധ ദർശനവും,ജൈന ദർശനവും,സിഖ് ദർശനവും, ചാർവാക ദർശനവും പിറന്ന ഭൂമി.നമ്മുടെ ധർമ്മത്തിന് ജന്മം നൽകിയത് കൊണ്ട് തന്നെ നമുക്ക് ഭാരതം അമ്മയാണ്.അതുകൊണ്ടാണ് നാം ഭാരതാംബയുടെ മക്കൾ എന്ന് അറിയപ്പെടാൻ ആഗ്രഹിക്കുന്നത്.അതുകൊണ്ട് തന്നെ ‘ ഭാരതം’എന്ന വാക്കിന് ഈ രാഷ്ട്രത്തിൻ്റെ ആരംഭം മുതൽക്കേ പ്രാധാന്യമുണ്ട്, പ്രസക്തിയുണ്ട്. കുറച്ചുകൂടി വ്യക്തമായി പറഞാൽ ഈ രാജ്യത്തിൻ്റെ ശരിയായ പേര് ഭാരതം എന്നാണ്. ഇന്ത്യ,പിന്നീട് വന്ന വിളിപ്പേരും.
ഭാരതവും ഇന്ത്യയും
ഇന്ത്യ എന്ന പേര് രാഷ്ട്രത്തിന് ലഭിക്കുന്നത് പലരുടെയും ധാരണയിൽ പേർഷ്യൻ ജനത വഴിയാണ്..പക്ഷേ വാസ്തവത്തിൽ ഗ്രീക്കുകാരുടെ രചനകളിൽ ഒക്കെ തന്നെയും ഇൻഡിക്ക, ഇൻഡസ് എന്നൊക്കെ ഉപയോഗിച്ചിരുന്നതായി കാണാം. മെഗസ്ഥനീസും,ഹേരോഡേറ്റസും ഒക്കെ തന്നെ അത്തരം പദ പ്രയോഗങ്ങൽ ഉപയോഗിച്ചിരുന്നവരാണ്. ബ്രിട്ടീഷ് വരവിന് ശേഷം,ഏതാണ്ട് 16-17 നൂറ്റാണ്ടുകളുടെ ആരംഭത്തോടെയാണ് ഇന്ത്യ എന്നത് വ്യാപകമായി ഉപയോഗിക്കുവാൻ തുടങ്ങിയത്.
ഇന്ത്യയോ ഭാരതമോ??
സ്വാതന്ത്ര്യാനന്തരം ഭരണഘടനാ നിർമ്മാണ വേളയിൽ നമ്മുടെ രാജ്യത്തിൻ്റെ പേര് ഇന്ത്യ എന്നാണ് നാമകരണം ചെയ്തത്. ഇന്ത്യ,അതായത് ഭാരതം എന്നാണ് നമ്മുടെ ഭരണഘടന ആരംഭിക്കുന്നതും. വിദേശ രാജ്യങ്ങൾക്കിടയിൽ നമ്മുടെ വിളിപ്പേര് ഇന്ത്യ എന്നായിരുന്നു എങ്കിലും,രാഷ്ട്രത്തിന് അകത്ത് ഭാരതമായിരുന്നു കൂടുതൽ മുഴച്ചു നിന്നിരുന്നത് എന്ന് നിങ്ങൾക്ക് കാണാൻ കഴിയും. ഭരണഘടനയുടെ ഈ ഒന്നാം അനുചേദ്ദം തന്നെ ഭാരതീയ ഭാഷകളിൽ എഴുതുമ്പോൾ ഭാരതം ആണ് ആദ്യം വരിക. ഇന്ത്യ രണ്ടാമതും. ഭാരത് കാ സംവിധാൻ എന്നും, “ഭാരത് അർഥാ ഇന്ത്യ”(Bharat that is India)എന്നാണ് ഹിന്ദി ഭാഷയിൽ എഴുതപ്പെട്ട ഭരണഘടന ആരംഭിക്കുന്നത് തന്നെ
നമ്മുടെ ഏറ്റവും ഉയർന്ന ബഹുമതിക്ക് നാം ഭാരത് രത്ന എന്ന് പേരാണ് നൽകിയത്. ഭാരത സർക്കാരിൻ്റെ പ്രധാന സംരംഭങ്ങൾ തന്നെ നോക്കൂ. ഭാരത് പെട്രോളിയം, ഭാരത് അലുമിനിയം, ഭാരത് ഹെവി ഇലക്ട്രിക്കൽ,ഭാരത് സ്റ്റീൽ എന്നൊക്കെയാണ്. നമ്മുടെ പാസ്പോർട്ടിൽ പോലും ഭാരത സർക്കാർ എന്ന് അസഗ്നിന്ദമായി രേഖപ്പെടുത്തിയിട്ടുണ്ട്. നമ്മുടെ ദേശീയ ഗാനത്തിലോ,ഇന്ത്യ എന്ന പേര് പോലുമില്ല. ഭാരതത്തിൽ ജനിച്ചതിന് ഭാഗ്യം ചെയ്തവരാണ് നമ്മൾ എന്നാണ് ടാഗോർ ഉറക്കെ പാടുന്നത് .
2004 ആഗസ്റ്റ് മാസം ഉത്തർ പ്രദേശ് നിയമസഭ,കേന്ദ്രം ഒരു ഭരണഘടനാ ഭേദഗതി നടത്തണം എന്ന് ആവശ്യപ്പെട്ട് പ്രമേയം പാസാക്കിയിരുന്നു. അന്ന് ഉത്തർ പ്രദേശ് ഭരിക്കുന്നത് സമാജ് വാദി പാർട്ടിയാണ്. സമാജ് വാദി പാർട്ടിയുടെ അന്നത്തെ മുഖ്യമന്ത്രിയായ മുലായം സിംഗ് യാദവ് തന്നെയാണ് ഈ പ്രമേയം യു പി നിയമസഭയിൽ അവതരിപ്പിച്ചത് എന്നോർക്കണം. അത്രമാത്രം പ്രാധാന്യത്തോടെയാണ് അവരതിനെ കണ്ടത്. പ്രമേയം വേറൊന്നുമല്ല,
“ഇന്ത്യ പുനർനാമകരണം ചെയ്ത് ഭാരതം എന്ന് ആക്കണം.”
“ഇന്ത്യ അഥവാ ഭാരതം എന്ന് ഭരണഘടനയിൽ നൽകുന്നതിന് പകരം,ഭാരതം അഥവാ ഇന്ത്യ എന്ന് പുനർ ക്രമീകരിക്കണം.” അത് തന്നെ സമാജ് വാദി പാർട്ടി ഏപ്രിൽ 2004ൽ പുറത്തിറക്കിയ അവരുടെ ലോക് സഭാ ഇലക്ഷൻ പ്രകടന പത്രികയിലും വാഗ്ദാനമായി നൽകി. സമാജ് വാദി പാർട്ടി കേന്ദ്രത്തിൽ അധികാരത്തിൽ എത്തിയാൽ അവർ ഇന്ത്യ എന്ന പേര് മാറ്റി ഭാരതം എന്ന് പുനർ നാമകരണം ചെയുമെന്ന് 2004ൽ പുറത്തിറക്കിയ അവരുടെ പ്രകടന പത്രികയിൽ വ്യക്തമായി പറയുന്നുണ്ട്. അതിനെ അവർ വിശദികരിക്കുന്നുമുണ്ട് ;
“അത് ഗൗരവ പരമായ ഒരു ന്യൂനതയാണ് “(ഭാരതത്തെ ഇന്ത്യ യായി ഭരണഘടനയിൽ ഉൾപ്പെടുത്തിയത്) എന്നാണ് സമാജ് വാദി പാർട്ടി പ്രകടന പത്രികയിൽ പറയുന്നത്. പ്രകടന പത്രികയിൽ വീണ്ടും തുടരുന്നു.
“രാഷ്ട്രത്തിൻ്റെ സ്വാഭിമാനവും അന്തസ്സും സംരക്ഷിക്കാൻ,ഇന്ത്യ ഭാരതമായി മാറണം..പണ്ട് മുതലേ ഈ രാജ്യം ഭാരതം എന്നാണ് അറിയപ്പെടുന്നത്.ബ്രിട്ടീഷുകാരുടെ 200 വർഷത്തെ ഭരണകാലയളവിലാണ് ഇന്ത്യ എന്ന് ഉപയോഗിക്കുവാൻ തുടങ്ങിയത് .ദൈവത്തിനു പോലും ഭരണഘടനാ നിർമ്മാതാക്കൾ ഇന്ത്യ എന്ന പേര് ആദ്യം ഉപയോഗിച്ചത് എന്തിനെന്ന് അറിയില്ല. അതിന് ശേഷം ഭാരതം ഉൾപ്പെടുത്തുന്നത് എങ്ങനെ എന്നും അറിയില്ല.” ഈ പ്രമേയം അന്ന് ഉത്തർ പ്രദേശ് നിയമ സഭയിൽ ഏകകണ്ഠമായിട്ടാണ് പാസായത് എന്ന് ഓർക്കണം..
ഭരണഘടനാപരമായി ഭാരതം എന്ന് വിളിക്കുന്നതിലോ അന്താരാഷ്ട്ര തലത്തിൽ,നയതന്ത്ര തലത്തിൽ ഉപയോഗിക്കുന്നതിലോ തടസ്സമില്ല.ഇനി,രാഷ്ട്രത്തിൻ്റെ പേര് ഭാരതം എന്നായി പൂർണമായും മാറ്റാനും തടസ്സങ്ങൾ ഒന്നുമില്ല. മൂന്നിൽ രണ്ട് ഭൂരിപക്ഷം സഭകളിൽ ഉണ്ടെങ്കിൽ ഭരണഘടനാ ഭേദഗതി പാസാക്കാം.
ഇന്ത്യ എന്ന് വിളിച്ചാലും ഭാരത് എന്ന് വിളിച്ചാലും ഭാരതീയർക്ക് ഒരേ വികാരം രാഷ്ട്രത്തിനോട് തോന്നുന്ന കാലത്തോളം പേരുകൾ എന്ത് തന്നെയായാലും ഒരു പ്രശ്നമേ അല്ല.
Discussion about this post