കോഴിക്കോട്: നിപ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി, ചികിത്സയ്ക്കായുള്ള മരുന്ന് വിമാനമാർഗം ഇന്ന് എത്തിക്കുമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്ജ് . കോഴിക്കോട് ജില്ലയിൽ എല്ലാ മുന്നൊരുക്ക പ്രവർത്തനങ്ങളും നടത്തിയതായും മന്ത്രി അറിയിച്ചു.
ചികിത്സയിൽ കഴിയുന്ന നിപ ബാധിതരുമായി ബന്ധപ്പെട്ട റൂട്ട് മാപ്പ് ഇന്ന് രാവിലെ പ്രസിദ്ധീകരിക്കും. ആൻറി ബോഡി ലഭ്യമാക്കുന്നതിന് ഐസിഎംമാറുമായി ബന്ധപ്പെട്ടതായും മന്ത്രി പറഞ്ഞു. പ്രതിരോധ പ്രവർത്തനങ്ങൾക്ക് കേന്ദ്രസഹായവും അഭ്യർത്ഥിച്ചിട്ടുണ്ട്.
മൊബൈൽ ലാബ് സ്ഥാപിക്കാൻ പൂനെ വൈറോളജിയിൽ നിന്നുള്ള സംഘം ഇന്ന് വൈകിട്ട് എത്തുമെന്നും മന്ത്രി വ്യക്തമാക്കി. കേന്ദ്ര വിദഗ്ദ്ധ സംഘത്തിന്റെ വരവിന്റെ വിശദാംശങ്ങൾ ലഭ്യമായിട്ടില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

