തിരുവനന്തപുരം: മുതിർന്ന ബിജെപി നേതാവും, ബിജെപി മുൻ സംസ്ഥാന സംഘടന ജനറൽ സെക്രട്ടറിയുമായിരുന്ന പി പി മുകുന്ദൻ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിൽ കഴിയവെയാണ് മരണം. രാവിലെ 8.10 നായിരുന്നു അന്ത്യം. ആർഎസ്എസിന്റെ കൊച്ചിയിലെ കാര്യാലയത്തിൽ പൊതുദർശനത്തിന് വെക്കുന്ന മൃതദേഹം പിന്നീട് കണ്ണൂരിലേക്ക് കൊണ്ടുപോകും.
ദീര്‍ഘകാലം ബിജെപി ദേശീയ എക്‌സിക്യുട്ടീവ് അംഗമായിരുന്നു. ആർഎസ്എസ് മുൻ പ്രചാരകൻ ആയിരുന്ന പി പി മുകുന്ദൻ ,സംസ്ഥാന സമ്പര്‍ക്ക പ്രമുഖ് എന്ന ചുമതലയിൽ ഇരിക്കുമ്പോഴാണ്, 1990 ല്‍ ബിജെപി സംസ്ഥാന സംഘടനാ ജനറല്‍ സെക്രട്ടറിയാകുന്നത്. ജന്മഭൂമി മാനേജിംഗ് ഡയറക്ടര്‍ എന്ന ചുമതലയിലും അദ്ദേഹം പ്രവർത്തിച്ചിരുന്നു.
കേരളത്തിൽ ബിജെപി യുടെ സംഘടനാ ചരിത്രത്തിൽ, അതുല്യമായ നേതൃത്വ ശക്തി പ്രകടിപ്പിച്ച സംഘാടകൻ എന്ന രീതിയിൽ പിപി മുകുന്ദൻ എതിരാളികളുടെയടക്കം പ്രശംസ നേടിയിരുന്നു. പാർട്ടി പ്രവർത്തകർക്കിടയിൽ, മുകുന്ദേട്ടൻ എന്ന വിളിപ്പേരിൽ ഏറെ സുപരിചിതൻ ആണ് പിപി മുകുന്ദൻ. സമൂഹത്തിന്റെ വിവിധ മേഖലയിൽ പ്രവർത്തിച്ചവർക്കിടയിൽ പി പി മുകുന്ദൻ ചെലുത്തിയ സ്വാധീനം ശ്രദ്ധേയമാണ്.
പത്താംക്ലാസ് പഠനത്തിന് ശേഷമാണ് പിപി മുകുന്ദൻ ആർ എസ് എസ് പ്രവർത്തനത്തിൽ സജീവം ആവുന്നത്. 1965 ല്‍ കണ്ണൂര്‍ ടൗണില്‍ വിസ്താരക്, 1966 ല്‍ ചെങ്ങന്നൂരില്‍ താലൂക്ക് പ്രചാരക് ,1971 ല്‍ തൃശൂര്‍ ജില്ലാ പ്രചാരക് എന്നീ ചുമതലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കോഴിക്കോട്, തിരുവനന്തപുരം വിഭാഗ് പ്രചാരക് ,സംസ്ഥാന സമ്പര്‍ക്ക പ്രമുഖ് എന്നീ നിലയിലും പ്രവര്‍ത്തിച്ചിരുന്നു .തൃശൂര്‍ പ്രചാരക് ആയിരിക്കെ അടിയന്തിരാവസ്ഥ സമരത്തിൽ ജയിലിൽ അടക്കപ്പെട്ടു.
ആർഎസ്എസിലൂടെയാണ് കേരളത്തിൽ ബിജെപിയുടെ സംഘടനാ ചുമതലയിലേക്ക് ഉയർന്നത്. ഏറെ വിമർശനം ഉയർന്ന കോ-ലീ-ബി പരീക്ഷണമടക്കം കേരളത്തിൽ നടപ്പാക്കുന്നതിൽ പിപി മുകുന്ദന്റെ ഇടപെടൽ വലുതായിരുന്നു. കേരളത്തിലെ ബിജെപിയുടെ സംഘടനാ സെക്രട്ടറിയായും പിന്നീട് ദക്ഷിണേന്ത്യയിലെ പാർട്ടിയുടെ സംഘടനാ സെക്രട്ടറിയായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
പിപി മുകുന്ദന്റെ മരണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി. രാവിലെ 11 മുതല്‍ വൈകിട്ട് 3 വരെ ആർഎസ്എസ് എറണാകുളം പ്രാന്ത കാര്യാലയത്തില്‍ പൊതു ദര്‍ശനത്തിന് വെക്കും
Discussion about this post