പ്രതിസന്ധികൾക്കുമുന്നിൽ പതറാത്ത, വിമർശനങ്ങളെ പുഞ്ചിരിയോടെ നേരിട്ട നേതാവായിരുന്നു പി പി മുകുന്ദനെന്ന്, കുമ്മനം രാജശേഖരൻ അഭിപ്രായപ്പെട്ടു. അരനൂറ്റാണ്ടിലേറെക്കാലമായി പൊതുജീവിതത്തിന്റെ വ്യത്യസ്ഥ മണ്ഡലങ്ങളിൽ നിസ്വാർത്ഥവും പ്രശംസനീയവുമായ സേവനസന്നദ്ധ പ്രവർത്തനങ്ങളിലൂടെ ,പി പി മുകുന്ദൻ ജനഹൃദയങ്ങളിൽ മങ്ങാത്ത സ്ഥാനം നേടിയെന്നും കുമ്മനം അഭിപ്രായപ്പെട്ടു.
മികച്ച സംഘാടകൻ എന്ന അംഗീകാരം എതിർക്കുന്നവർ പോലും അദ്ദേഹത്തിന് നൽകിയിരുന്നു. സ്നേഹവും സൗഹൃദവും ഏവർക്കും പകർന്നുവെന്നും കുമ്മനം ഫേസ്ബുക് കുറിപ്പിൽ അഭിപ്രായപ്പെട്ടു .
‘1987 ൽ ഗുരുവായൂർ പ്രക്ഷോഭ കാലത്ത് കൺവീനർമാരായി പ്രവർത്തിച്ച ഞങ്ങൾ കേരള വ്യാപകമായി നടത്തിയ യാത്രകളും പ്രസംഗങ്ങളും ഇപ്പോഴും ഓർക്കുന്നു. വിഭാഗ് പ്രചാരക്, പ്രാന്ത സമ്പർക്ക പ്രമുഖ്, ബിജെപി ഓർഗനൈസിംഗ് സെക്രട്ടറി തുടങ്ങിയ ഉത്തരവാദിത്ത സ്ഥാനങ്ങളിൽ ഇരുന്നപ്പോഴെല്ലാം അദ്ദേഹം പ്രകടിപ്പിച്ച സംഘാടനപാടവം എന്നെപ്പോലുള്ള ഒട്ടേറെപ്പേർക്ക് പ്രചോദനമായിരുന്നു. ഒരിക്കലും മരിക്കാത്ത ഒട്ടേറെ ഓർമ്മകൾ ഇനിയും ബാക്കി നിൽക്കുന്നു. സമ്പർക്കം വഴി വ്യക്തി ബന്ധങ്ങൾ കാത്തുസൂക്ഷിക്കാനും അത് എക്കാലവും നിലനിർത്താനും അദ്ദേഹം കാട്ടിയ കാർക്കശ്യം വരും തലമുറക്ക് ഒരു മാതൃക തന്നെയായിരുന്നു. ആ ദീപ്ത സ്മരണക്ക് മുന്നിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു’ കുമ്മനം ഫേസ്ബുക്കിൽ കുറിച്ചു.
ബിജെപിയുടെ മുതിർന്ന നേതാവും മുൻ സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറിയുമായ പി.പി.മുകുന്ദൻ (78) ഇന്ന് രാവിലെയാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ അന്തരിച്ചത് ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിൽ ആയിരുന്നു. ആർഎസ്എസിലും ബിജെപിയിലും നേതൃപരമായ ചുമതലകൾ വഹിച്ചിരുന്നു
Discussion about this post