കോഴിക്കോട്: നിപ പരിശോധനയ്ക്കായുള്ള മൊബൈൽ ലാബ് ഇന്ന് കോഴിക്കോട്ടെത്തും. നിപ പരിശോധനകൾ ഇവിടെത്തന്നെ ഉടനടി പൂർത്തിയാക്കി ഫലം ലഭ്യമാവാൻ ഇത് സഹായകമാവും.
കേന്ദ്ര വിദഗ്ധസംഘവും കോഴിക്കോട് എത്തിയിട്ടുണ്ട്. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയതിനു ശേഷം നിപ ബാധിത പ്രദേശങ്ങൾ വിദഗ്ധ സംഘം സന്ദർശിക്കും. മരുതോങ്കരയും,ആയഞ്ചേരി പ്രദേശങ്ങളിലും സംഘം എത്തും
11 പേരുടെ പരിശോധനാ ഫലം ഇന്നെത്തും. പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്ക് അയച്ച 11 സാംപിളുകളുടെ ഫലമാണ് ഇന്നെത്തുക. മൂന്ന് പേരാണ് നിപ സ്ഥിരീകരിച്ച് നിലവിൽ ചികിത്സയിൽ കഴിയുന്നത്. പതിനെട്ട് പേരുടെ സ്രവ സാമ്പിളുകളാണ് ഇതുവരെ പരിശോധനയ്ക്കായി പൂനയിലേക്ക് അയച്ചിട്ടുള്ളത്. നിപ ലക്ഷണങ്ങളോടെ 18 പേർ കോഴിക്കോട് മെഡിക്കൽ കോളജ് നിപ ഐസൊലേഷൻ വാർഡിൽ ചികിത്സയിലാണ്.
നിപ നിയന്ത്രണങ്ങളുടെ ഭാഗമായി, ജില്ലയിൽ കർശന നിയന്ത്രണങ്ങൾ തുടരുകയാണ്. സെപ്റ്റംബർ 24 വരെ കോഴിക്കോട് ജില്ലയിൽ വലിയ പരിപാടികൾ ഒഴിവാക്കാൻ നിർദേശമുണ്ട് . പ്രഫഷനൽ കോളജുകളടക്കം മുഴുവൻ വിദ്യാഭ്യസ സ്ഥാപനങ്ങൾക്കും രണ്ട് ദിവസം അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
Discussion about this post