കേന്ദ്ര ആരോഗ്യ മന്ത്രാലയവും, ഐസിഎംആർ -എൻഐവിയും സ്ഥിതിവിശേഷങ്ങൾ ദിവസേന നിരീക്ഷിക്കുന്നുണ്ടെന്നും വൈറസ് വ്യാപനത്തെ നേരിടാൻ സാധ്യമായ എല്ലാ ക്രമീകരണങ്ങളും കേന്ദ്ര സർക്കാർ നടത്തുന്നുണ്ടെന്നും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രി ഡോ. ഭാരതി പ്രവീണ് പവാർ.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലും, ആരോഗ്യമന്ത്രി, ഡോ. മൻസുഖ് മാണ്ഡവ്യയുടെ മാർഗനിർദേശത്തിലും ഇന്ത്യാ ഗവൺമെന്റ് സ്ഥിതിഗതികൾനിരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്നും വ്യാപനം തടയുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിച്ചുവരികയാണെന്നും ഡോ. പവാർ പറഞ്ഞു.
വൈറസ് ബാധയെ തുടർന്ന് കോഴിക്കോട് ജില്ലയിൽ സ്വീകരിച്ച നടപടികൾ പൂനെയിലെ ഐസിഎംആര്-എന്ഐവി ഇന്സ്റ്റിറ്റ്യൂട്ടിൽ നേരിട്ടെത്തി മന്ത്രി വിലയിരുത്തി. ഇതുവരെ സ്വീകരിച്ച പ്രതിരോധ പ്രവർത്തനങ്ങൾ മന്ത്രി അവലോകനം ചെയ്തു.
കേന്ദ്ര ആരോഗ്യമന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യയുടെ മാർഗനിർദേശപ്രകാരം കേന്ദ്രത്തിൽ നിന്നും ഐസിഎംആർ-എൻഐവിയിൽ നിന്നുമുള്ള ഉന്നതതല സംഘങ്ങൾ ബിഎസ്എൽ 3 ലബോറട്ടറികളുള്ള മൊബൈൽ യൂണിറ്റുകളുമായി ഇതിനകം കോഴിക്കോട്ടെത്തിയിട്ടുണ്ടെന്നും, അവർ പരിശോധന നടത്തിവരികയാണെന്നും ഡോ. പവാർ പറഞ്ഞു.
കോഴിക്കോട് മേഖലയിലെ രോഗബാധിത ഗ്രാമപഞ്ചായത്തുകളെ ക്വറന്റീൻ സോണുകളായി പ്രഖ്യാപിച്ചതായും മന്ത്രി അറിയിച്ചു. ഈ പകർച്ചവ്യാധിയെ നേരിടാനുള്ള പൊതുജനാരോഗ്യ നടപടികളിൽ സംസ്ഥാനത്തെ പിന്തുണയ്ക്കാൻ ഡോ. മാലാ ഛബ്രയുടെ നേതൃത്വത്തിലുള്ള മൾട്ടി ഡിസിപ്ലിനറി സംഘത്തെ കേന്ദ്ര ആരോഗ്യ മന്ത്രാലയം നിയോഗിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
Discussion about this post