ഡൽഹി: ഹരിയാന- നൂഹ് കലാപവുമായി ബന്ധപ്പെട്ട് കോൺഗ്രസ്സ് നേതാവും, എംഎൽഎ യുമായ മമ്മൻഖാൻ അറസ്റ്റിൽ. ഇന്നലെ രാത്രി വൈകിയാണ് മമ്മൻ ഖാൻ അറസ്റ്റിൽ ആയത്. രാജസ്ഥാനിലെ ഫിറോസ്പൂർ ജിർക്കയിൽ വച്ച് ഹരിയാന പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു .
നൂഹ് അക്രമം ആസൂത്രണം ചെയ്തതിൽ പങ്കുണ്ടെന്ന് ആരോപിച്ചാണ് അറസ്റ്റ്. ഖാനെ അറസ്റ്റ് ചെയ്ത വിവരം ഡിഎസ്പി സതീഷ് കുമാർ ഔദ്യോഗികമായി സ്ഥിരീകരിച്ചു. മമ്മൻ ഖാനെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്നും സതീഷ് കുമാർ അറിയിച്ചു.
അറസ്റ്റ് തടയാൻ മമ്മൻ ഖാൻ ഹൈക്കോടതിയിൽ,കഴിഞ്ഞ ചൊവ്വാഴ്ച ഹർജി സമർപ്പിചിരുന്നു. വ്യാഴാഴ്ചയാണ് കേസ് കോടതിയുടെ പരിഗണനയ്ക്ക് വന്നത്. ഉന്നതതല പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കാൻ സംസ്ഥാന സർക്കാരിന് നിർദേശം നൽകണമെന്ന് മമ്മൻ ഖാൻ തന്റെ ഹർജിയിൽ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. അതെ സമയം ജൂലൈ 31 ന് നുഹിൽ പൊട്ടിപ്പുറപ്പെട്ട വർഗീയ കലാപവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസുകളിൽ കോൺഗ്രസ് എംഎൽഎ ഖാനെയും പ്രതി ചേർത്തിട്ടുണ്ടെന്ന് ഹരിയാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.
മാമൻ ഖാന് എതിരായി മതിയായ തെളിവുകൾ തങ്ങളുടെ പക്കൽ ഉണ്ടെന്ന് പോലീസ് കോടതിയെ അറിയിച്ചു. ഖാനെതിരെയുള്ള തെളിവുകൾ തെളിവുകൾ വിലയിരുത്തി. അക്രമം നടന്ന ദിവസം നുഹിൽ പോലും ഇല്ലാതിരുന്നതിനാൽ തന്നെ കേസിൽ കള്ളക്കേസിൽ കുടുക്കുകയായിരുന്നുവെന്ന് മമ്മൻ ഖാൻ
കോടതിയിൽ അവകാശപ്പെട്ടു.
നുഹ് വർഗീയ കലാപവുമായി ബന്ധപ്പെട്ട്, നുഹിലെ നാഗിന പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത എഫ്‌ഐആറിൽ മമ്മൻ ഖാനെതിരെ കേസെടുത്തിട്ടുണ്ട്. പോലീസ് അന്വേഷണത്തിൽ ഖാനും മുഹമ്മദ് തൗഫീഖ് എന്ന് സംശയിക്കുന്നയാളും ഫോൺ രേഖകൾ വഴിയുള്ള ആശയവിനിമയം കണ്ടെത്തിയതായും, അക്രമത്തിൽ പങ്കുണ്ടെന്ന് കരുതുന്ന തൗഫീഖ് നേരത്തെ പിടിയിലായിരുന്നുവെന്നും,ഇയാൾ മമ്മൻ ഖാനെതിരെ മൊഴി നൽകിയിട്ടുണ്ടെന്നും സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു.
കോൾ ഡീറ്റെയിൽ റെക്കോർഡുകൾ, ഫോൺ ടവർ വഴിയുള്ള ലൊക്കേഷൻ ട്രാക്കിംഗ്, എംഎൽഎയുടെ പേഴ്‌സണൽ സെക്യൂരിറ്റി ഓഫീസർ നൽകിയ മൊഴി എന്നിവ പരിശോധിച്ചാണ് എം എൽ എയെ പ്രതിചേർത്തതെന്നും ,ഖാന്റെ വാദത്തെ ഖണ്ഡിക്കുന്ന തെളിവുകൾ തങ്ങളുടെ പക്കൽ ഉണ്ടെന്നും ഹരിയാന- അഡീഷണൽ അഡ്വക്കേറ്റ് ജനറൽ ദീപക് സബർവാൾ വ്യക്തമാക്കി. അന്വേഷണം നീതിയുക്തമായ രീതിയിലാണ് നടക്കുന്നതെന്ന് കോടതിയെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രതികളായ തൗഫീഖും, മാമ്മൻ ഖാനും തമ്മിൽ ബന്ധപ്പെട്ട മൊബൈൽ ഫോണുകളിൽ നിന്നും ടവർ ലൊക്കേഷനുകളിൽ നിന്നുമുള്ള കോൾ റെക്കോർഡുകൾ വിശകലനം ചെയ്തപ്പോൾ ജൂലൈ 31 ന് നടന്ന അക്രമത്തിന് മുമ്പ് ജൂലൈ 29 നും 30 നും തമ്മിൽ ഫോൺ സംഭാഷണങ്ങൾ നടന്നതായി കണ്ടെത്തിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.എഫ്‌ഐആറിലെ 52 പ്രതികളിൽ 42 പേർ അറസ്റ്റിലായിട്ടുണ്ടെന്നും ദീപക് സബർബാൾ അറിയിച്ചു .
കലാപവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാവാൻ അന്വേഷണസംഘം, ഖാനോട് പലതവണ ആവശ്യപ്പെട്ടിരുന്നെങ്കിലും, ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഒഴിഞ്ഞു മാറുകയായിരുന്നു. ഇതിനിടെയിലാണ് അറസ്റ്റ്

