കോഴിക്കോട് : നിപ വൈറസിന്റെ ഉറവിടം കണ്ടെത്തുന്നതിന്റെ ഭാഗമായി കേന്ദ്ര സംഘം കുറ്റിയാടിയിൽ പരിശോധന നടത്തി. നിപ ബാധിച്ച് മരണപ്പെട്ട മരുതോങ്കര പഞ്ചായത്തിലെ കള്ളാട് സ്വദേശിയുടെ വീട്ടിലാണ് കേന്ദ്രസംഘം സന്ദർശനം നടത്തിയത്.. മരണപ്പെട്ട വ്യക്തിയുടെ വീട്ടിലെത്തിയ സംഘം വീടും പരിസരവും ബന്ധുവീടും മരണപ്പെട്ട വ്യക്തി പോയിരിക്കാൻ സാധ്യതയുള്ള വീടിനു സമീപത്തെ പറമ്പുകളും സന്ദർശിച്ചു.
വവ്വാൽ സർവ്വേ ടീം അംഗമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി സെന്റർ കേരള യൂണിറ്റിലെ ശാസ്ത്രജ്ഞൻ ഡോ. ബാലസുബ്രഹ്മണ്യത്തിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് കുറ്റ്യാടിയിലെത്തിയത്. ഹനുൽ തുക്രൽ, എം. സന്തോഷ് കുമാർ, ഗജേന്ദ്രസിംഗ് എന്നിവരാണ് സംഘത്തിലുള്ളത് .
മരണപ്പെട്ട വ്യക്തിയുടെ വീടും പരിസരവും പരിശോധിച്ച ശേഷം സമീപത്തെ തോട്ടത്തിലെ ഫല വ്യക്ഷങ്ങൾ ഉൾപ്പെടെ സംഘം നോക്കിക്കണ്ടു. സമീപത്തുള്ള തറവാട് വീട് സന്ദർശിച്ച സംഘം മരണപ്പെട്ട വ്യക്തിക്ക് രോഗ ബാധയേൽക്കുന്നതിന് മുമ്പ് അദ്ദേഹം ഏർപ്പെട്ടിരുന്ന ജോലിയും മറ്റു വിവരങ്ങളും വീട്ടുകാരോട് ചോദിച്ചറിഞ്ഞു.
ജില്ലാ മെഡിക്കൽ ടെക്നിക്കൽ അസിസ്റ്റന്റ്, കുറ്റ്യാടി താലൂക്ക് ആശുപത്രി സുപ്രണ്ട്, കുറ്റ്യാടി, മരുതോങ്കര പഞ്ചായത്തിലെ ആരോഗ്യ വകുപ്പ് ജീവനക്കാർ, ആശാവർക്കർമാർ തുടങ്ങിയവർ സംഘത്തെ അനുഗമിച്ചു
Discussion about this post