ഡൽഹി: ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടു. ബാരാമുള്ളയിലെ ഉറി, ഹത്‌ലംഗ മേഖലകളിൽ നിയന്ത്രണ രേഖയ്ക്ക് സമീപമാണ് ഏറ്റുമുട്ടൽ നടന്നത്. ഭീകരർ നുഴഞ്ഞുകയറാൻ ശ്രമിക്കുന്നതിനിടെയായിരുന്നു ഏറ്റുമുട്ടൽ.
തിരച്ചിൽ തുടരുകയാണെന്നും കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുമെന്നും കശ്മീർ പോലീസ് വ്യക്തമാക്കി. അനന്ത്‌നാഗ് ജില്ലയിലെ തീവ്രവാദ വിരുദ്ധ ഓപ്പറേഷനിടെയാണ് ഭീകരവാദിയെ സൈന്യം കൊലപ്പെടുത്തിയത്. ഭീകരവിരുദ്ധ ഓപ്പറേഷൻ നാലുദിവസം പിന്നിട്ടു. നേരത്തെ കനത്ത വനമേഖലയിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് സൈനികരും ഒരു പോലീസ് ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടിരുന്നു.
കേണൽ മൻപ്രീത് സിംഗ്, (19 രാഷ്ട്രീയ റൈഫിൾസ് കമാൻഡിംഗ് ഓഫീസർ), മേജർ ആഷിഷ് ധോഞ്ചക്, ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ഹിമയൂൺ മുസാമിൽ ഭട്ട് എന്നിവർ ആണ് വനമേഖലയിലെ ഓപ്പറേഷനിൽ കൊല്ലപ്പെട്ടത്. ഒരു സൈനികനെ കാണാതായതായിട്ടുണ്ടെന്നും പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു.

