ഡൽഹി: ലോകത്തെ ഏറ്റവും തിളക്കമേറിയ സാമ്പത്തിക ശക്തികളിൽ ഒന്നാണ് ഭാരതം. അതിവേഗം വളർന്നു കൊണ്ടിരിക്കുന്ന ഭാരതത്തിന്റെ സമ്പദ്‌വ്യവസ്ഥയും ആയി കൈകോർക്കാൻ ആഗ്രഹിക്കുകയാണ് ലോക രാജ്യങ്ങൾ. അവികസിതമായ ആഫ്രിക്കൻ അംഗ രാജ്യങ്ങളും വികസിത രാജ്യങ്ങളായ അമേരിക്ക, ഫ്രാൻസ്, ജർമ്മനി , ഇംഗ്ലണ്ട്, ഓസ്ട്രേലിയ എന്നിവരും ഇതിൽ ഉൾപ്പെടും. വളർന്നു വരുന്ന ഇന്ത്യൻ സമ്പദ് വ്യവസ്ഥയെയും ലോകത്തിലെ തന്നെ ഏറ്റവും വലിയ മാർക്കറ്റുകളിൽ ഒന്നിനെയും ഫലപ്രദം ആയി ഉപയോഗിക്കാൻ ആഗ്രഹിക്കുന്നവർ ആണ് ഈ രാജ്യങ്ങൾ ഒക്കെ. മാത്രമല്ല ആഗോള വിഷയങ്ങളിൽ ഭാരതം പുലർത്തുന്ന നയ ചാതുര്യം കാരണം ഭാരത്തിന് ഒരു ലോക നേതാവിന്റെ പദവിയും അടുത്ത കാലത്തായി വന്നു ചേർന്നിട്ടുണ്ട്.
എന്നാൽ കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും വേണ്ട എന്ന് പറയേണ്ട സാഹചര്യങ്ങളിൽ വേണ്ട എന്ന് പറയാൻ ഇന്ത്യ മടിക്കാറില്ല. ഉക്രൈൻ വിഷയത്തിൽ ഇത് ലോക രാജ്യങ്ങൾ കണ്ടതാണത്.
എന്നാൽ ഏറ്റവും പുതിയതായി കാനഡയോടാണ് ഭാരതം ഇത്തരത്തിൽ ഒരു നിലപാട് എടുത്തിട്ടുള്ളത്. ഖാലിസ്ഥാൻ വിഷയത്തിൽ ഒരു തീരുമാനം ഉണ്ടാകാതെ വ്യാപാരത്തിൽ സഹകരിക്കാൻ ബുദ്ധിമുട്ട് ഉണ്ട് എന്ന തീരുമാനം ആണ് ഭാരതം കാനഡയുമായുള്ള ബന്ധത്തിൽ സ്വീകരിച്ചത്.
ജി 20 ഉച്ചകോടിയുടെ വേളയിൽ ആണ് ഭാരതം തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. ജി 20 നേതാക്കളുടെ ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി കനേഡിയൻ പ്രധാനമന്ത്രിയുമായി നടത്തിയ ചർച്ചയിൽ ഖാലിസ്ഥാൻ വിഷയത്തിൽ ഉറച്ച നിലപാടാണ് സ്വീകരിച്ചത് . കാനഡയിലെ തീവ്രവാദ ഗ്രൂപ്പുകൾ നടത്തുന്ന ഇന്ത്യ വിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ച് അദ്ദേഹം ഗുരുതരമായ ആശങ്ക പ്രകടിപ്പിച്ചിരിന്നു.
എന്നാൽ ഭാരതം ഈ ഖാലിസ്ഥാനി ഇന്ത്യാ വിരുദ്ധ പ്രകടനങ്ങൾ നടത്തുന്നതിനെ പറ്റി ആശങ്കകൾ പ്രകടിപ്പിച്ചതിന് പ്രതികരണമായി , “കാനഡ എല്ലായ്പ്പോഴും അഭിപ്രായ സ്വാതന്ത്ര്യത്തെയും സമാധാനപരമായ പ്രതിഷേധ സ്വാതന്ത്ര്യത്തെയും സംരക്ഷിക്കും. അത് ഞങ്ങൾക്ക് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്” എന്നാണ് കനേഡിയൻ പ്രധാനമന്ത്രി പ്രതികരിച്ചത്.
ഇത് നയതന്ത്ര നിലയിലും, ജനങ്ങൾക്കിടയിലും വലിയ പ്രതിഷേധം ആണ് ഉണ്ടാക്കിയത്. ഇതേ തുടർന്നാണ് ഇന്ത്യ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്ന രാജ്യങ്ങളുമായി ഒരു നീക്കു പോക്കിനും ഇല്ല എന്ന് ഇന്ത്യ നിലപാടെടുത്തതും.
Discussion about this post