കോഴിക്കോട്: നിപ വൈറസിന്റെ ഉറവിടം എന്ന് സംശയിക്കുന്ന ജാനകിക്കാട്ടിൽ, കാട്ടു പന്നികൾ ചത്തസംഭവത്തിൽ പരിശോധന നടന്നു വരികയാണെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. സംസ്ഥാന സർക്കാരിന്റെ മൃഗസംരക്ഷണ വകുപ്പ് സംഘം, സ്ഥലങ്ങൾ സന്ദർശിക്കുകയും, സാമ്പിളുകൾ ശേഖരിച്ചതായും മന്ത്രി വ്യക്തമാക്കി. ജാനകിക്കാട്ടിൽ കാട്ടുമൃഗങ്ങൾ ചത്ത സംഭവത്തിൽ പഠനം നടക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.
അതെ സമയം കേന്ദ്രത്തിൽ നിന്നുള്ള പ്രത്യേക സംഘം പ്രദേശത്ത് നിന്നും, വവ്വാലുകളുടെ സാമ്പിളുകൾ ശേഖരിക്കുന്നുണ്ടെന്നും, പത്തൊൻപത് സംഘങ്ങളുടെ നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ നടന്നുവരികയാണെന്നും മന്ത്രി വ്യക്തമാക്കി.
ഇന്ന് വന്ന 42 പരിശോധനാ ഫലം നെഗറ്റിവ് ആണ്. കുറച്ചു കൂടി ഫലങ്ങൾ ഇനിയും വരാൻ ഉണ്ട്. പോലീസിന്റെ സഹായത്തോടെ, സമ്പർക്ക പട്ടികയിലെ ആളുകളെ കണ്ടെത്തും, മൊബൈൽ ടവർ ലൊക്കേഷൻ നോക്കിയാവും സമ്പർക്കപ്പട്ടികയിൽ വിട്ടു പോയവരെ കണ്ടെത്തുക . മന്ത്രി പറഞ്ഞു.ചികിത്സയിൽ ഉള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും മന്ത്രി അറിയിച്ചു.
വൈറസിന്റെ ഇൻക്യൂബേഷൻ പിരീഡ് 21 ദിവസമാണെങ്കിലും, ഫീൽഡിൽ 42 ദിവസം ജാഗ്രത വേണമെന്നും, അവസാനവ്യക്തി പോസിറ്റിവ് ആയ ദിവസം മുതലുള്ള നാല്പത്തി ഒന്ന് ദിവസം ഇങ്ങിനെ ജാഗ്രത വേണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

