ഒട്ടാവ: ജൂൺ 18 ന് സറേയിൽ കനേഡിയൻ പൗരനായ ഹർദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയതിൽ ഇന്ത്യൻ ഏജന്റുമാർക്ക് പങ്കുണ്ടെന്നാരോപിച്ച് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ രംഗത്തെത്തിയതിനെ പിന്തുണയ്ക്കാൻ മടിച്ച് അമേരിക്ക, ഓസ്ട്രേലിയ, ഇംഗ്ലണ്ട് തുടങ്ങിയ കാനഡയുടെ സഖ്യ രാജ്യങ്ങൾ.
പാർലമെന്റിൽ ഒരു ആരോപണം ഉന്നയിക്കാനും ഒരു നയതന്ത്രജ്ഞനെ പുറത്താക്കാനും മതിയായ വിവരങ്ങൾ ഉണ്ടെന്ന് ട്രൂഡോ സർക്കാർ വിശ്വസിക്കുന്ന സാഹചര്യത്തിലാണ് സഖ്യ രാജ്യങ്ങളുടെ ഈ നിലപാട് എന്ന് ശ്രദ്ധേയമാണ്.
“അവ തീർച്ചയായും ഗുരുതരമായ ആരോപണങ്ങളാണ്, അവ എത്രത്തോളം വിശ്വസനീയമാണെന്ന് നിർണ്ണയിക്കാൻ സമഗ്രമായ അന്വേഷണം ആവശ്യമാണ്.” യുഎസ് നാഷണൽ സെക്യൂരിറ്റി കൗൺസിൽ വക്താവ് ജോൺ കിർബി ചൊവ്വാഴ്ച പറഞ്ഞു. അതായത് ഒരു തരത്തിലുള്ള തെളിവും മുന്നോട്ട് വയ്ക്കാതെയുള്ള ആരോപണങ്ങൾ വക വച്ചു കൊടുക്കാൻ ബുദ്ധിമുട്ടുണ്ട് എന്ന് തന്നെയാണ് ഇതിലൂടെ വ്യക്തമാകുന്നത്
അതെ സമയം വിഷയത്തിൽ പ്രതികരിക്കാൻ തന്നെ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസ് വിസമ്മതിച്ചു
യുകെ വിദേശകാര്യ സെക്രട്ടറി ജെയിംസ് ഇന്ത്യയെക്കുറിച്ച് പരാമർശിക്കാതെ ഒരു ട്വീറ്റ് ചെയ്യുക മാത്രം ചെയ്യുകയാണുണ്ടായത്.
കാനഡയുടെ സഖ്യകക്ഷികളെ സംബന്ധിച്ചിടത്തോളം, ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യത്തെ, ലോകത്തെ ഏറ്റവും വലിയ വിപണികളിൽ ഒന്നിനെ തങ്ങളിൽ നിന്നും അകറ്റുവാനുള്ള അപകടസാധ്യത ഈ ആരോപണത്തിൽ ഇടപെടുക എന്ന പ്രവൃത്തി മുന്നോട്ട് വയ്ക്കുന്നുണ്ട് . മാറി കൊണ്ടിരിക്കുന്ന ഭൗമ രാഷ്ട്രീയ ഭൂമികയിൽ ഇന്ത്യയെ വെറുപ്പിക്കുക ചിന്തിക്കാനാകാത്തത് ആണ് , കനേഡിയൻ മാധ്യമം റിപ്പോർട്ട് ചെയ്തു.

