ചെന്നൈ: കേരളത്തിലെ രണ്ടാം വന്ദേഭാരത് എക്‌സ്‌പ്രസിന്റെ സമയക്രമം തീരുമാനിച്ചു. ഞായറാഴ്ച ഉദ്ഘാടനം ചെയ്യും. കാസര്‍കോട് നിന്ന് രാവിലെ ഏഴ് മണിക്ക് യാത്രയാരംഭിച്ച് ആലപ്പുഴ വഴി വൈകുന്നേരം 3.05ന് തിരുവനന്തപുരത്ത് എത്തുന്ന രീതിയിലാണ് സമയക്രമം. വൈകുന്നേരം 4.5നാണ് മടക്കയാത്ര. കണ്ണൂര്‍, കോഴിക്കോട്, ഷൊര്‍ണൂര്‍, തൃശൂര്‍, എറണാകുളം സൗത്ത്, ആലപ്പുഴ, കൊല്ലം എന്നിവിടങ്ങളിലാണ് സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്. ആഴ്ചയില്‍ ആറുദിവസമാണ് സർവ്വീസ് ഉണ്ടാകുക.
കേരളത്തിന് പുറമേ രണ്ടു വന്ദേഭാരത് സര്‍വീസുകള്‍ കൂടി ദക്ഷിണ റെയില്‍വേയ്ക്ക് അനുവദിച്ചിട്ടുണ്ട്. ചെന്നൈ സെന്‍ട്രല്‍- വിജയവാഡ, ചെന്നൈ എഗ്മോര്‍- തിരുനല്‍വേലി എന്നിവിടങ്ങളിലാണ് മറ്റ് രണ്ട് സര്‍വീസുകൾ. ഇരുപതിനാലാം തിയതി മൻകി ബാത്തിന് ശേഷം പ്രധാനമന്ത്രി രാജ്യത്ത് വിവിധ റൂട്ടുകളിലായി 9 വന്ദേ ഭാരത് സർവീസുകൾ വീഡിയോ കോൺഫറൻസ് വഴി ഫ്ലാഗ് ഓഫ് ചെയ്യും. ഇതിനൊപ്പമാണ് കേരളത്തിനുള്ള രണ്ടാം വന്ദേഭാരത് ട്രെയിനും ഫ്ലാഗ് ഓഫ് ചെയ്യുക.
കേരളത്തിന് ആദ്യം അനുവദിച്ച വന്ദേഭാരത് എക്‌സ്പ്രസ് കോട്ടയം വഴിയായിരുന്നു സര്‍വീസ് നടത്തിയിരുന്നത്. എന്നാല്‍, പുതുതായി അനുവദിച്ച ട്രെയിന്‍ ആലപ്പുഴ വഴിയായിരിക്കും സർവ്വീസ് നടത്തുക. എട്ടു മണിക്കൂറാണ് കാസര്‍കോട്- തിരുവനന്തപുരം യാത്രയ്‌ക്ക് എടുക്കുന്ന സമയം.

