ഡൽഹി; വനിതാ സംവരണ ബില്‍ നടപ്പാക്കുന്നതിനുളള സെന്‍സസ്, തിരഞ്ഞെടുപ്പിന് ശേഷം നടത്തുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം, അടുത്ത സര്‍ക്കാര്‍ മണ്ഡല പുനര്‍നിര്‍ണ്ണയം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. വനിതാ സംവരണ ബിൽ അനുസരിച്ച്, അടുത്ത ജനസംഖ്യ കണക്കെടുപ്പ് പൂർത്തീയായ ശേഷം ലോക്സഭാ പുനർനിർണായത്തിന് ശേഷമാവും ഇത് പ്രാബല്ല്യത്തിൽ വരുക.
നിയമപ്രകാരം ഒരു സുപ്രീം കോടതി ജഡ്ജി, തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രതിനിധി ഓരോ രാഷ്ട്രീയ പാർട്ടിയിൽ നിന്നും ഒരു പ്രതിനിധി എന്നിവരും മണ്ഡല പുനർനിർണയ കമ്മീഷന്റെ ഭാഗമാകും. രാജ്യത്തെ തീരുമാനങ്ങൾ എടുക്കുന്നതിലും നയ രൂപീകരണത്തിലും സ്ത്രീകളുടെ പങ്കാളിത്വം ബിൽ ഉറപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു. വനിതാ സംവരണ ബിൽ കൊണ്ടുവരുന്നത് ഇതാദ്യമായല്ലെന്നും, മുന്നേ എന്ത് കൊണ്ട് ഇത് പാസാക്കാൻ സാധിക്കാഞ്ഞതെന്നും അദ്ദേഹം ചോദിച്ചു.
ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം നല്‍കുന്ന ബില്‍ ഇന്നലെയാണ് ലോക്‌സഭ പാസാക്കിയത്. 27 വര്‍ഷമായി പാര്‍ട്ടികള്‍ക്കിടയില്ലെ അഭിപ്രായഭിന്നത കൊണ്ട് വനിതാ സംവരണ ബില്‍ തീരുമാനങ്ങളില്ലാതെ കിടക്കുകയായിരുന്നു. ഇത് പുനരുജ്ജീവിപ്പിച്ചാണ് സര്‍ക്കാര്‍ ചൊവ്വാഴ്ച ലോക്‌സഭയില്‍ അവതരിപ്പിച്ചത്. എട്ട് മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്ക്ക് ശേഷം 454 അംഗങ്ങള്‍ ബില്ലിനെ അനുകൂലിച്ചും രണ്ട് പേര്‍ എതിര്‍ത്തും വോട്ട് ചെയ്തു. പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ ആദ്യമായി പാസാക്കിയ ബില്ലാണിത്.

