ഡൽഹി: കാനഡയിൽ നടന്ന ‘അജ്ഞാത’ കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ലോറൻസ് ബിഷ്‌ണോയി സംഘം രംഗത്ത്. കാനഡയിലെ വിന്നിപെഗ് നഗരത്തിൽ ഭീകരൻ സുഖ്ദൂൽ സിംഗിനെ കൊലപ്പെടുത്തിയതിന്റെ ഉത്തരവാദിത്തമാണ് ഗുണ്ടാസംഘമായ ലോറൻസ് ബിഷ്‌ണോയി സംഘം ഏറ്റെടുത്തത്. എഫ് ബി പോസ്റ്റിലൂടെയാണ് സംഘം അവകാശ വാദം ഉന്നയിച്ചത്.
ഗുർലാൽ ബ്രാർ, വിക്കി മിദ്ദ്‌ഖേര എന്നിവരുടെ കൊലപാതകത്തിൽ സുഖ ദുനുകെ എന്നറിയപ്പെടുന്ന സുഖ്ദൂൽ സിംഗ് പ്രധാന പങ്ക് വഹിച്ചിരുന്നുവെന്ന് ലോറൻസ് ബിഷ്‌ണോയിയുടെ സംഘം പോസ്റ്റിൽ പറയുന്നു. സുഖ്ദൂൽ സിംഗ് വിദേശത്ത് താമസിക്കുമ്പോഴും കൊലപാതകങ്ങൾ ആസൂത്രണം ചെയ്തതാണെന്ന് സംഘം ആരോപിച്ചു.
സുഖ്ദൂൽ സിംഗിനെ “മയക്കുമരുന്നിന് അടിമ” എന്ന് വിളിച്ച ലോറൻസ് ബിഷ്‌ണോയിയുടെ സംഘം അദ്ദേഹം നിരവധി ആളുകളുടെ ജീവിതം നശിപ്പിച്ചുവെന്നും ആത്യന്തികമായി “അവന്റെ പാപങ്ങൾക്ക് ശിക്ഷിക്കപ്പെട്ടു” എന്നും പോസ്റ്റിൽ വ്യക്തമാക്കുന്നു. ദാവീന്ദർ ബംബിഹയിലെ അംഗമായ സുഖ്ദൂൽ സിംഗ് മറ്റൊരു ഗുണ്ടാസംഘത്തിൽപെട്ട സന്ദീപ് നംഗൽ അംബിയയെയും കൊലപ്പെടുത്തിയതായും, സംഘം ചൂണ്ടിക്കാട്ടി.
ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അന്വേഷിച്ച മയക്കുമരുന്ന് കള്ളക്കടത്ത് കേസിൽ ലോറൻസ് ബിഷ്‌ണോയി നിലവിൽ അഹമ്മദാബാദിൽ ജയിലിൽ കഴിയുകയാണ്. പഞ്ചാബി ഗായകൻ സിദ്ധു മൂസ് വാല കൊലക്കേസിലും ഇയാൾ പ്രതിയാണ്.
ഇന്ത്യയുടെ ഹിറ്റ്ലിസ്റ്റിൽ പെട്ടിരുന്ന, ഖാലിസ്ഥാൻ ഭീകരവാദിയായിരുന്ന സുഖ്ദൂൽ സിംങ്ങിനെ വിന്നിപെഗ് നഗരത്തിൽ വെച്ചാണ് അജ്ഞാതർ കൊലപ്പെടുത്തിയത്. ഖാലിസ്ഥാൻ ഭീകരൻ അർഷ്‌ദീപ് സിങ് എന്ന അർഷ് ദലയുടെ സഹായിയായിരുന്നു ഇയാൾ.
പഞ്ചാബിൽ 18 ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടും കാനഡയിലേക്ക് രക്ഷപ്പെടാൻ 2017ൽ സുഖ ദൂനുകെ എന്ന സുഖ്ദൂൽ സിംഗ് വ്യാജ രേഖകളിൽ പാസ്‌പോർട്ടും പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റും നേടിയിരുന്നു.
ബ്രിട്ടീഷ് കാലിഫോർണിയയിലെ സറേയിൽ ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാർ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര സംഘർഷങ്ങൾക്കിടയിലാണ് സുഖ്ദൂൽ സിംഗിന്റെ കൊലപാതകം. ഇന്ത്യയിൽ തിരയുന്ന നിജ്ജാർ ജൂണിൽ ഒരു ഗുരുദ്വാരയ്ക്ക് പുറത്ത് അജ്ഞാതരുടെ വെടിയേറ്റ് മരിക്കുകയായിരുന്നു
Discussion about this post