ന്യൂഡൽഹി: സനാതന ധർമ്മം ഉന്മൂലനം ചെയ്യുക എന്ന പരാമർശം നടത്തിയതിന് തമിഴ്‌നാട് മന്ത്രിയും, മുഖ്യമന്ത്രി സ്റ്റാലിന്റെ മകനുമായ ഉദയനിധി സ്റ്റാലിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്ന ഹർജിയിൽ തമിഴ്‌നാട് സർക്കാരിനോടും മന്ത്രി ഉദയനിധി സ്റ്റാലിനോടും പ്രതികരണം ആവശ്യപ്പെട്ട് സുപ്രീം കോടതി .
തമിഴ്‌നാട് മന്ത്രിക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബി ജഗന്നാഥ് നൽകിയ ഹർജിയിലാണ് ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, ബേല എം ത്രിവേദി എന്നിവരുടെ ബെഞ്ച് നോട്ടീസ് അയച്ചത് , പരാമർശങ്ങൾ വിദ്വേഷ പ്രസംഗത്തിന് സമാനമാണെന്നും സമാനമായ വിഷയങ്ങളിൽ സുപ്രീം കോടതി എഫ് ഐ ആർ പുറപ്പെടുവിക്കുന്നത് ഉൾപ്പെടെ നിരവധി നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ടെന്നും ഹര്ജിക്കാരൻ ചൂണ്ടിക്കാട്ടി.
ഈ മതം നല്ലതല്ലെന്നും ഇതര മതം നല്ലതാണെന്നും സ്‌കൂൾ വിദ്യാർത്ഥികളോട് മന്ത്രി ആവശ്യപ്പെട്ടതായി പരാതിക്കാരന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ദാമ ശേഷാദ്രി നായിഡു വാദിച്ചു. “മറ്റൊരാളുടെ വിശ്വാസത്തിന് വിരുദ്ധമായി വ്യക്തികൾ ഇത്തരം പ്രസ്താവനകൾ നടത്തുന്ന സമാന വിഷയങ്ങൾ ഈ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്, എന്നാൽ ഈ സാഹചര്യത്തിൽ ഇത് ഒരു മന്ത്രിയാണ് പ്രസ്താവന നടത്തുന്നത്. ഇവിടെ ഒരു സംസ്ഥാനമാണ്, ഒരു മതം തെറ്റാണെന്ന് സ്കൂൾ വിദ്യാർത്ഥികളോട് പറയുന്നത്. “നായിഡു പറഞ്ഞു.
മന്ത്രിയായതിനാലാണ് സുപ്രീം കോടതിയെ സമീപിക്കാൻ തങ്ങൾ നിർബന്ധിതരായതെന്നും എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ പോയപ്പോൾ ആരും രജിസ്റ്റർ ചെയ്തില്ലെന്നും നായിഡു കൂട്ടിച്ചേർത്തു
Discussion about this post