ഡൽഹി: കാനഡ തീവ്രവാദികളുടെ പറുദീസയായി മാറിയെന്ന് ശ്രീലങ്കൻ വിദേശകാര്യ മന്ത്രി അലി സാബ്രി. അടിസ്ഥാനരഹിതമായ കാര്യങ്ങളാണ് ജസ്റ്റിൻ ട്രൂഡോ ഇന്ത്യക്കെതിരെ ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വാർത്താ ഏജൻസിയായ എഎൻഐക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ ആണ് ശ്രീലങ്കൻ വിദേശ കാര്യമന്ത്രി ഇന്ത്യക്ക് പിന്തുണയുമായെത്തിയത്.
ട്രൂഡോ അതിശയകരവും അടിസ്ഥാനപരവുമായ ആരോപണങ്ങളുമായി വന്നതിൽ താൻ “അദ്ഭുതപ്പെടുന്നില്ലെന്നും ശ്രീലങ്കൻ വിദേശകാര്യ മന്ത്രി കൂട്ടിച്ചേർത്തു. ഇതേ രീതിയിൽ അടിസ്ഥാന രഹിതമായ ആരോപണം മുൻപ് ശ്രീലങ്കയ്‌ക്കെതിരെയും കാനഡ ഉന്നയിച്ചിട്ടുണ്ട്. ശ്രീലങ്ക വംശ ഹത്യ നടത്തിയെന്ന അങ്ങേയറ്റത്തെ നുണ തങ്ങൾക്കെതിരെ ആരോപിച്ചിട്ടുണ്ട് . ശ്രീലങ്കയിൽ വംശഹത്യ നടന്നിട്ടില്ലെന്ന് എല്ലാവർക്കും അറിയാം. അലി സാബ്രി വ്യക്തമാക്കി.
ഒരാളും മറ്റൊരു രാജ്യത്തിന്റെ കാര്യത്തിൽ തലയിടേണ്ടതില്ലെന്നും, എങ്ങിനെ ഭരിക്കണമെന്ന് നിർദേശിക്കേണ്ടതുമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ മഹാസമുദ്രമെന്ന മേൽവിലാസം തങ്ങൾക്ക് വിലപ്പെട്ടതാണെന്നും മേഖലയെ ശക്തിപ്പെടുത്താൻ ഒരുമിച്ചു നിൽക്കണമെന്നും അലിസാബ്രി കൂട്ടിച്ചേർത്തു. കാനഡയുടെ പാർലമെന്റിൽ മുൻ നാസി സൈനികനെ ആദരിച്ചതിനെയും അദ്ദേഹം പരിഹസിച്ചു.
കാനഡയിൽ വെച്ച് ഖലിസ്ഥാൻ ടൈഗർ ഫോഴ്‌സ് മേധാവി ഹർദീപ് സിംഗ് നിജ്ജാറിനെ വെടിവെച്ചുകൊന്ന സംഭവത്തിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന് സെപ്റ്റംബർ 18ന് ജസ്റ്റിൻ ട്രൂഡോ ആരോപിച്ചിരുന്നു. തുടർന്ന് ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം വഷളായ സാഹചര്യത്തിൽ കൂടുതൽ രാജ്യങ്ങൾ ഇന്ത്യക്ക് അനുകൂലമായ നിലപാടാണ് സ്വീകരിക്കുന്നത്.

