ബംഗളുരു: കാവേരി നദീജലം, അയല്‍സംസ്ഥാനമായ തമിഴ്നാടിന് വിട്ടുനല്‍കുന്നതില്‍ പ്രതിഷേധിച്ച് ബെംഗളൂരുവില്‍ ഇന്ന് കര്‍ഷകരുടെ കൂട്ടായ്മയുടെ ബന്ദ്. ഇന്ന് രാവിലെ ആറിന് തുടങ്ങി വൈകീട്ട് ആറുവരെയാണ് ബന്ദ്. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, വ്യാപാരിമാര്‍, ട്രാന്‍സ്പോര്‍ട്ടര്‍മാര്‍ എന്നിവര്‍ സമരത്തിന് പിന്തുണ അറിയിച്ചിട്ടുണ്ടെന്ന് കര്‍ഷക യൂണിയന്‍ നേതാവ് കുര്‍ബുര്‍ ശാന്തകുമാര്‍ പറഞ്ഞു.
ബന്ദിനെ ഭാഗമായി ബംഗളൂരു- മൈസൂരു അതിവേഗ പാതയില്‍ നടന്ന പ്രതിഷേധം വാഹന ഗതാഗതത്തെ ബാധിച്ചു. മാണ്ഡ്യയിലെ പീറ്റ് സ്ട്രീറ്റ്, വി വി റോഡ്, ടി പി റോഡ്, എം സി റോഡ് എന്നിവിടങ്ങള്‍ വിജനമാണ്. ബന്ദിന് ബി.ജെ.പി. യുടെയും ജെ.ഡി.എസിന്റെയും പിന്തുണയുണ്ട്. ബന്ദിനെ സർക്കാർ എതിർക്കില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കിയിട്ടുണ്ട്.
ബെംഗളൂരു ബന്ദിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ മിക്ക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഓട്ടോ-ടാക്സി യൂണിയനുകളും പൂര്‍ണമായും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കെഎസ്ആര്‍ടിസി സ്റ്റാഫ് ആന്‍ഡ് വര്‍ക്കേഴ്സ് ഫെഡറേഷനും ബന്ദിനിടെ സര്‍വീസുകളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ ജീവനക്കാരോട് അഭ്യര്‍ത്ഥിച്ചു. അതേസമയം ബെംഗളൂരു ബന്ദിനെ പിന്തുണയ്ക്കില്ലെന്ന് ഓല-ഊബര്‍ ഡ്രൈവേഴ്സ് അസോസിയേഷനും ഹോട്ടല്‍ ഉടമകളുടെ അസോസിയേഷനും അറിയിച്ചിട്ടുണ്ട്.
Discussion about this post