ന്യൂഡൽഹി: ഗ്രീന്‍ ഹൈഡ്രജന്‍ ഫ്യുവല്‍ സെല്‍ ഇന്ധനമായി ഓടുന്ന രാജ്യത്തെ ആദ്യ ബസ് പുറത്തിറക്കി ടാറ്റ. കേന്ദ്ര പെട്രോളിയം, നാച്വറല്‍ ഗ്യാസ് വകുപ്പ് മന്ത്രി ഹര്‍ദീപ് സിംഗ് പുരിയാണ് ബസുകൾ ഫ്‌ളാഗ് ഓഫ് ചെയ്തത്. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഓടിക്കുന്ന രണ്ട് ബസാണ് മന്ത്രി പുറത്തിറക്കിയത്. വരും ദിവസങ്ങളിൽ നാല് ബസുകൾ കൂടി പുറത്തിറങ്ങുമെന്നും ഈ വർഷം അവസാനത്തോടെ 15 ഗ്രീന്‍ ഹൈഡ്രജന്‍ ബസ്സുകള്‍ കൂടി നിരത്തിലിറക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഹൈഡ്രജന്‍ ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്ന വാഹനത്തിന് ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ ഇന്ധനം വീണ്ടും നിറയ്ക്കാന്‍ കഴിയുമെന്നും തീപിടിത്തത്തിന് സാദ്ധ്യതയുള്ള ഇന്ധനമായ ഹൈഡ്രജൻ ഉപയോഗിക്കുന്നു എന്നതിനാൽ തന്നെ ആദ്യ ഘട്ടത്തിൽ യാത്രക്കാരില്ലാതെയാണ് ഇരുബസുകളും പരീക്ഷണം നടത്തുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഡൽഹിയിൽ നൂറ് കിലോമീറ്റർ പരിധിയിലാകും ബസ് സർവീസ് ഉണ്ടാകുക. മൂന്ന് ലക്ഷം കിലോമീറ്റർ വരെ ഈ ബസുകൾക്ക് സർവീസ് നടത്താനാകും.
ഡല്‍ഹി, ഹരിയാന, യുപി എന്നിങ്ങനെ തിരഞ്ഞെടുത്ത റൂട്ടുകളില്‍ ഗ്രീന്‍ ഹൈഡ്രജന്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന 15 ഫ്യുവല്‍ സെല്‍ ബസ്സുകളുടെ പരീക്ഷണ ഓട്ടം നടത്താന്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ തീരുമാനിച്ചിരിക്കുകയാണ്. അടുത്തഘട്ടത്തില്‍ ഇറങ്ങാന്‍പോകുന്ന നാല് ബസുകൾ പുണെയിലെ ഓട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യയില്‍ പരിശോധനകള്‍ക്ക് വിധേയമായി വരുകയാണെന്ന് അധികൃതർ അറിയിച്ചു.

