ചെന്നൈ: ഇന്ത്യന്‍ ഹരിതവിപ്ലവത്തിന്റെ പിതാവും ,വിഖ്യാതനായ കാർഷിക ശാസ്ത്രജ്ഞനുമായ എം എസ് സ്വാമിനാഥൻ അന്തരിച്ചു.ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. ദീര്‍ഘനാളായി അസുഖബാധിതനായി ചികിത്സയിൽ ആയിരുന്നു.
മങ്കൊമ്പ് സാമ്പശിവൻ സ്വാമിനാഥൻ എന്ന സ്വാമിനാഥൻ ഇന്ത്യൻ പരിസ്ഥിതിക്കിണങ്ങുന്നതും അത്യുല്പാദനശേഷിയുള്ളതുമായ വിത്തുകൾ വികസിപ്പിച്ചെടുക്കുകയും അത് കർഷകർക്കിടയിൽ പ്രചരിപ്പിക്കുകയും ചെയ്തതോടെ അന്തർദേശീയ തലത്തിൽ പ്രശസ്തനാവുകയും കാർഷിക രംഗത്തിന്റെ അതികായനായിമാറുകയും ചെയ്തു.
1925 ആഗസ്റ്റ് 7-ന് തമിഴ്നാട്ടിലെ കുംഭകോണത്തായിരുന്നു ജനനം
ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിൽ പുളിങ്കുന്ന് മങ്കൊമ്പ് എന്ന സ്ഥലത്താണ് ഇദ്ദേഹത്തിന്റെ തറവാട്. 1940-ൽ തിരുവനന്തപുരത്തെ മഹാരാജാസ് കോളേജിൽ (ഇന്നത്തെ യൂണിവേഴ്സിറ്റി കോളേജിൽ) ഉന്നത പഠനം ആരംഭിച്ചു. അവിടെ നിന്ന് സുവോളജിയിൽ ബിരുദം നേടിയ ശേഷം കൃഷി ശാസ്ത്രത്തിൽ ഉപരിപഠനം നടത്താൻ തീരുമാനിക്കുകയും കോയമ്പത്തൂർ കാർഷിക കോളേജിൽ (ഇപ്പോൾ തമിഴ്നാട് കാർഷിക സർവ്വകലാശാല) പഠനത്തിനു ചേരുകയും ചെയ്തു.
1947-ൽ അദ്ദേഹം ഇന്ത്യൻ കാർഷിക ഗവേഷണ സ്ഥാപനത്തിൽ ചേരുകയും തുടർന്ന് യുനെസ്കോ ഫെല്ലോഷിപ്പോടു കൂടി നെതർലൻഡ്‌സിൽ ഗവേഷണത്തിനായി പോയി. എട്ട് മാസത്തോളം നെതർലൻഡ്‌സിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജനറ്റിക്‌സിലെ വാഗെനിംഗൻ അഗ്രികൾച്ചറൽ യൂണിവേഴ്‌സിറ്റിയിൽ അദ്ദേഹം അംഗമായിരുന്നു. പിന്നീട് 1950-ൽ അദ്ദേഹം കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് അഗ്രികൾച്ചറിന്റെ പ്ലാന്റ് ബ്രീഡിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കാൻ ചേർന്നു. 1952-ൽ പി.എച്ച്.ഡി. ബിരുദം നേടി. വിസ്കോൺസിൻ യൂണിവേഴ്‌സിറ്റിയിലെ പോസ്റ്റ്-ഡോക്ടറൽ റിസർച്ച് അസോസിയേറ്റ്ഷിപ്പ് സ്വീകരിച്ചു.
Discussion about this post