ഡൽഹി: ഇന്ത്യയിലെ എംബസിയുടെ പ്രവര്‍ത്തനം നിര്‍ത്തി അഫ്ഗാനിസ്ഥാന്‍. അഫ്ഗാന്‍ എംബസി ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിച്ചതായി വിദേശകാര്യമന്ത്രാലയത്തിന് കത്ത് നൽകി. എന്നാൽ എംബസി പ്രവര്‍ത്തനം നിര്‍ത്തിയത് സംബന്ധിച്ച വാര്‍ത്തകളുടെ ആധികാരികത കേന്ദ്ര സര്‍ക്കാര്‍ പരിശോധിച്ചുവരികയാണ്. എംബസിയുടെ തലവനായ ഫാരിദ് മാമുന്‍ഡ്സെ ഇപ്പോള്‍ ലണ്ടനിലാണെന്നാണ് വിവരം.
അഫ്ഗാന്‍ എംബസി ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിക്കാനുള്ള തീരുമാനത്തിന് പിന്നാലെ ഈ വിഷയവുമായി ബന്ധപ്പെട്ട് ഡല്‍ഹിയിലെ അഫ്ഗാന്‍ എംബസി കത്തയച്ചതായി ഇന്ത്യന്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. 2021 ഓഗസ്റ്റില്‍ താലിബാന്‍ അഫ്ഗാനിസ്ഥാനില്‍ അധികാരം പിടിച്ചെടുത്തതിന് ശേഷവും മുന്‍ അഫ്ഗാനി സര്‍ക്കാര്‍ നിയമിച്ച മാമുന്‍ഡ്സെ അഫ്ഗാന്‍ പ്രതിനിധിയായി തുടരുകയായിരുന്നു. ഈ വര്‍ഷം ഏപ്രില്‍-മെയ് മാസങ്ങളില്‍, മാമുന്‍ഡ്സെയുടെ സ്ഥാനത്ത് എംബസിയുടെ തലവനായി ഖാദിര്‍ ഷായെ ചാര്‍ജെ ഡി അഫയേഴ്സായി താലിബാന്‍ നിയമിച്ചിരുന്നു. എന്നാല്‍ ഇത് എംബസി തള്ളുകയും നേതൃസ്ഥാനത്ത് മാറ്റമില്ലെന്ന് എംബസി പ്രസ്താവനയില്‍ അറിയിക്കുകയും ചെയ്തിരുന്നു.
ഇതോടെ അധികാരത്തിനായുള്ള പോര് തുടങ്ങുകയായിരുന്നു. എന്നാല്‍ ഇന്ത്യ ഇതുവരെ താലിബാന്റെ നേതൃത്വത്തെ അംഗീകരിക്കാൻ തയ്യാറായിട്ടില്ല. കൂടാതെ മുന്‍കാലങ്ങളിലേത് പോലെ സര്‍ക്കാര്‍ രൂപീകരിക്കണമെന്നും അഫ്ഗാന്‍ മണ്ണ് ഒരു രാജ്യത്തിനും എതിരായ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കരുതെന്നും ഇന്ത്യ ആവശ്യപ്പട്ടിരുന്നു.

