തിരുവനന്തപുരം: കരുവന്നൂർ ബാങ്ക്- നിക്ഷേപ തട്ടിപ്പ് കേസിൽ എകെജി സെന്ററിൽ സിപിഎം അടിയന്തിര യോഗം വിളിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ നേതൃത്വത്തിൽ ആണ് അടിയന്തിര യോഗം വിളിച്ചത്. തട്ടിപ്പ് കേസിൽ പ്രതിസ്ഥാനത്തുള്ള, സിപിഎം സംസ്ഥാനകമ്മിറ്റി അംഗവും, കേരളബാങ്ക് വൈസ് ചെയർമാനുമായ എം.കെ. കണ്ണനും പങ്കെടുക്കുന്നുണ്ട്.
തട്ടിപ്പു കേസുകളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണം ശക്തമാകുന്ന സാഹചര്യത്തിലാണ് യോഗം. എം കെ കണ്ണനെ കഴിഞ്ഞ ദിവസം ഇഡി ചോദ്യം ചെയ്തിരുന്നു. തൃശൂർ ജില്ലയിലെ സഹകരണമേഖലയിൽ നടന്ന കള്ളപ്പണ ഇടപാടുകളെക്കുറിച്ച് വ്യക്തമായി അറിയാവുന്ന ആളാണ് കണ്ണൻ എന്നാണ് ഇഡിയുടെ കണ്ടെത്തൽ. ഇഡി ചോദ്യം ചെയ്യലിൽ കണ്ണൻ ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിചിരുന്നു. തുടർന്ന് ചോദ്യം ചെയ്യൽ അവസാനിപ്പിച്ച് കണ്ണനെ ഇഡി വിട്ടയക്കുകയായിരുന്നു.അന്വേഷണവുമായി കണ്ണൻ നിസ്സഹകരിച്ചാൽ ഇഡി അറസ്റ്റിലേക്ക് നീങ്ങാൻ ആണ് സാധ്യത.
കരുവന്നൂർ ബാങ്ക് തട്ടിപ്പ് ഇടപാട് പുറത്ത് വന്നതോടെ, സംസ്ഥാനത്തെ മറ്റ് സഹകരണ ബാങ്കുകളിലും നടന്ന തട്ടിപ്പുകൾ പുറത്തു വന്നുകൊണ്ടിരിക്കുകയാണ്. നിക്ഷേപകർ കൂട്ടത്തോടെ സഹകരണബാങ്കുകളിൽ നിന്നും പണം പിൻവലിക്കുന്നത് ബാങ്കുകളെ പ്രതിസന്ധിയിൽ ആക്കുകയാണ്.
കരുവന്നൂർ ബാങ്കിലെ തട്ടിപ്പ്, സിപിഎം അണികളിലും ശക്തമായ എതിർപ്പിന് കരണമായിട്ടുണ്ട്. പിണറായി വിജയൻ അടക്കമുള്ളവർ ന്യായീകരണവുമായി രംഗത്തുവന്നെങ്കിലും. സഹകരണകൊള്ളക്കെതിരെ ജനവികാരം ശക്തമായി ഉയരുന്നുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പ് കൂടി അടുത്ത പശ്ചാത്തലത്തിൽ അടിയന്തിര പ്രശ്നപരിഹാരത്തിനാണ് സിപിഎം ശ്രമിക്കുന്നത്. ഇ ഡി അന്വേഷണം ഉന്നത നേതാക്കളിലേക്ക് എത്താനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ കൂടിയാണ് സിപിഎം അടിയന്തിര യോഗം വിളിച്ചത്.
Discussion about this post