വനിതാ സംവരണ ബില്ലിന്റെ പേരിൽ ലിപ്സ്റ്റിക്കും ബോബ് കട്ട് ഹെയർസ്റ്റൈലുമായി സ്ത്രീകൾ മുന്നോട്ട് വരുമെന്ന ആർജെഡി നേതാവിന്റെ പരാമർശം വിവാദത്തിൽ. ആർജെഡി നേതാവ് അബ്ദുൾ ബാരി സിദ്ദിഖിയുടെതാണ് പരാമർശം. ബിഹാറിലെ മുസാഫർപൂരിൽ നടന്ന ഒരു പരിപാടിയിൽ സംസാരിക്കവെയാണ് സിദ്ദിഖിയുടെ പ്രസ്താവന.
ലിപ്സ്റ്റിക്കുകളും ബോബ് കട്ട് ഹെയർസ്റ്റൈലുകളുമുള്ള സ്ത്രീകൾ വനിതാ സംവരണത്തിന്റെ പേരിൽ മുന്നോട്ടുവരുമെന്നും പിന്നാക്ക സമുദായങ്ങളിലെ സ്ത്രീകൾക്ക് സർക്കാർ സംവരണം നൽകണമെന്നും അബ്ദുൾ ബാരി സിദ്ദിഖി പറഞ്ഞു. തലച്ചോർ ഉപയോഗിക്കാതെ ടിവി കാണുന്നതും സോഷ്യൽ മീഡിയയിൽ സമയം ചെലവഴിക്കുന്നതും അവസാനിപ്പിക്കണമെന്നും വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിയും വരെ ടെലിവിഷനിൽ നിന്നും സോഷ്യൽ മീഡിയയിൽ നിന്നും വിട്ടു നിൽക്കണമെന്നും സിദ്ദിഖി അനുയായികളോട് നിർദ്ദേശിച്ചു.
അതേസമയം നിയമ മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനമനുസരിച്ച് രാഷ്ട്രപതി ബില്ലിന് അംഗീകാരം നൽകി. ഇനി ബിൽ ഔദ്യോഗികമായി ഭരണഘടന നിയമമായി അറിയപ്പെടും. കേന്ദ്ര സർക്കാർ ഔദ്യോഗിക ഗസറ്റിലെ വിജ്ഞാപനം അനുസരിച്ച് പറയുന്ന തീയതിയിൽ നിയമം പ്രാബല്യത്തിൽ വരും. ഈ മാസം ആദ്യം നടന്ന പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ നിയമത്തെ “നാരി ശക്തി വന്ദൻ അധീന്യം” എന്ന് വിശേഷിപ്പിച്ചിരുന്നു. ഈ ഭരണഘടനാ ഭേദഗതി ബിൽ ലോക്‌സഭയും രാജ്യസഭയും ഏകകണ്ഠമായാണ് പാസാക്കിയത്.
Discussion about this post