കാസർഗോഡ്: ശാരീരികാവസ്ഥ പരിഗണിക്കാതെ വിദ്യാർത്ഥികളെ കായികപരിശീലനത്തിന് നിര്ബന്ധിക്കരുതെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ. സ്കൂൾ പ്രധാന അധ്യാപകനോ, കായിക അധ്യാപകനോ, കുട്ടികളുടെ ശാരീരികാവസ്ഥ പരിഗണിക്കാതെ, അവരെ കായിക പരിശീലനത്തിന് നിർബന്ധിക്കരുതെന്ന് മനുഷ്യാവകാശ കമ്മിഷൻ ആക്ടിങ് ചെയർമാൻ കെ ബൈജു നാഥ്.
കാസർഗോഡ് ചന്ദ്രഗിരി സ്കൂൾ അധ്യാപകനെതിരെ ഉയർന്ന പരാതി തീർപ്പാക്കിക്കൊണ്ടാണ് കമ്മീഷൻ ഉത്തരവ്. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാനുള്ള നിർദ്ദേശം സ്കൂൾ അധികൃതർക്ക് നൽകണമെന്നും കമ്മീഷൻ കാസർഗോഡ് വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർക്ക് നിർദ്ദേശം നൽകി.ഒരു വിദ്യാർത്ഥിനിയുടെ പിതാവ് സമർപ്പിച്ച പരാതിയിലാണ് നടപടി.
ആർത്തവ സംബന്ധമായ ശാരീരിക ബുദ്ധിമുട്ടുകൾ നേരിടുന്ന പെൺകുട്ടി പി. ടി. പീരീഡിൽ കളിസ്ഥലത്തേക്ക് പോകാതെ ക്ലാസ് മുറിയിൽ ഇരുന്നതിന് അദ്ധ്യാപകൻ ശാസിച്ചതു പോലുള്ള സംഭവങ്ങൾ ആവർത്തിക്കരുതെന്നും കമ്മീഷൻ ഉത്തരവിൽ വ്യക്തമാക്കി.
പി.ടി. പീരീഡിന് പോകാതെ ചില വിദ്യാർത്ഥികൾ മൊബൈൽ ഫോൺ ദുരുപയോഗം ചെയ്യുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അദ്ധ്യാപകൻ വിദ്യാർത്ഥികളെ ശാസിച്ചതെന്ന് വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ കമ്മീഷനെ അറിയിച്ചു. പെൺകുട്ടിയുടെ മാസമുറ വിവരം അദ്ധ്യാപികയോ കൗൺസിലർ വഴിയോ ധരിപ്പിച്ചിരുന്നെങ്കിൽ ഇത്തരത്തിൽ ഒരു സംഭവം ഉണ്ടാകുമായിരുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
അതേസമയം തക്കതായ ഒരു കാരണമില്ലാതെ അദ്ധ്യാപകനെതിരെ പരാതി നൽകാൻ ഒരു രക്ഷകർത്താവ് തയ്യാറാകില്ലെന്ന് കമ്മീഷൻ ചൂണ്ടിക്കാണിച്ചു. മറ്റൊരു കുട്ടിക്ക് ഇത്തരം ഒരു അവസ്ഥ വരാതിരിക്കാനാണ് രക്ഷകർത്താവ് പരാതി നൽകിയത്. തന്റെ ശാരീരികാവസ്ഥ അദ്ധ്യാപകനോട് തുറന്നു പറയാൻ വിദ്യാർത്ഥിനിക്ക് വൈമുഖ്യമുണ്ടാകും. കുട്ടിയെ ശാസിക്കുന്നതിന് മുമ്പ് അദ്ധ്യാപകൻ കാരണം തിരക്കണമായിരുന്നു. കമ്മീഷൻ അഭിപ്രായപ്പെട്ടു
കുട്ടിയുടെ സുരക്ഷയെ കരുതിയാണ് ക്ലാസിൽ തനിച്ചിരിക്കുന്നത് ഒഴിവാക്കിയതെന്ന അദ്ധ്യാപകന്റെ വാദം യുക്തിക്ക് നിരക്കുന്നതല്ല. അങ്ങനെയെങ്കിൽ അദ്ധ്യാപകരുടെ മുറിക്ക് സമീപമാണ് കുട്ടികളെ ഇരുത്തേണ്ടത്. മൈതാനത്തേക്ക് പോകാത്തതിന് അദ്ധ്യാപകൻ തെറി വിളിച്ചെങ്കിൽ അത് അദ്ധ്യാപക സമൂഹത്തിന് നാണക്കേടാണെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.
Discussion about this post