കാസർകോട്: നിർധന രോഗിയിൽ നിന്നും 2000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ഡോക്ടർ പിടിയിൽ. കാസർകോട് ജനറൽ ആശുപത്രിയിലെ അനസ്തേഷ്യാ വിഭാഗം ഡോ. വെങ്കിട ഗിരിയാണ് പിടിയിലായത്.
കാസറഗോഡ് മധൂർ പട്ള സ്വദേശിയായ അബ്ബാസ് പി.എം, ഹെർണിയ ചികിത്സയ്ക്കായി ജനറൽ ആശുപത്രിയിൽ ഡോക്ടർ അഭിജിത്തിനെ കാണുകയും പരിശോധിച്ച് ഓപറേഷൻ ആവശ്യമാണെന്ന് നിശ്ചയിക്കുകയും ചെയ്തിരുന്നു. ഓപ്പറേഷൻ തിയ്യതി ലഭിക്കുന്നതിന് അനസ്തേഷ്യ വിഭാഗം ഡോക്ടർ വെങ്കിട ഗിരിയെ കാണാൻ പറഞ്ഞു. തുടർന്ന് ഡോ. വെങ്കിട ഗിരിയെ കണ്ടപ്പോൾ ഡിസംബർ മാസത്തിലാണ് ശസ്ത്രക്രിയക്ക് തിയ്യതി നൽകിയത്.
എന്നാൽ ഓപ്പറേഷൻ തിയ്യതി മുന്നോട്ട് ആക്കുന്നതിന് വേണ്ടി വെങ്കിടഗിരി 2000 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് രോഗി വിജിലൻസിന് പരാതി നൽകി. വിജിലൻസ് ഡി വൈ എസ് പി വി.കെ വിശ്വംഭരൻ നായരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരാതിക്കാരൻ പണം കൈമാറുമ്പോൾ കയ്യോടെ പിടികൂടിയത്.
2019-ൽ ഒരു രോഗിയോട് കൈക്കൂലി വാങ്ങുന്നതിന്റെ ദൃശ്യങ്ങൾ പ്രാദേശിക ചാനലിൽ വന്നതിന്റെ അടിസ്ഥാനത്തിൽ സസ്പെൻഷനടക്കം വകുപ്പ് തല നടപടികൾക്ക് വെങ്കിടഗിരി വിധേയനായിട്ടുണ്ട്

