ബെംഗളൂരു: ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡ് ആദ്യ തേജസ് ഇരട്ട സീറ്റർ വിമാനം ഇന്ത്യൻ വ്യോമസേനയ്ക്ക് കൈമാറി. വ്യോമസേനയുടെ പരിശീലനത്തിനാവശ്യമായ എല്ലാ സംവിധാനങ്ങളും ഉൾക്കൊള്ളുന്നതാണ് ഇരട്ട സീറ്റർ തേജസ്സെന്ന് ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്‌സ് വ്യക്തമാക്കി.
തേജസ് കൈമാറ്റ ചടങ്ങിൽ പ്രതിരോധ സഹമന്ത്രി അജയ് ഭട്ട് മുഖ്യാതിഥിയായിരുന്നു.
ഏതു കാലാവസ്ഥയ്ക്കും അനുയോജ്യമായ, LCA തേജസ് ഇരട്ട സീറ്റർ ഭാരം കുറഞ്ഞ, മൾട്ടി-റോൾ 4.5 ജനറേഷൻ യുദ്ധ വിമാനമാണ്. നൂതന സാങ്കേതിക വിദ്യകൾ സംയോജിപ്പിച്ചാണ് യുദ്ധവിമാനത്തിന്റെ നിർമ്മാണമെന്ന് എച്ച്എഎൽ വ്യക്തമാക്കി.
ലൈറ്റ് കോംബാറ്റ് -ഇരട്ട സീറ്റർ യുദ്ധവിമാനങ്ങളുള്ള രാജ്യങ്ങളുടെ പട്ടികയിൽ,ഇതോടെ ഇന്ത്യ ഇടം നേടി. സർക്കാരിന്റെ “ആത്മനിർഭർ ഭാരത്” സംരംഭത്തിന്റെ തിളങ്ങുന്ന അധ്യായമാണ് യുദ്ധവിമാനത്തിന്റെ നിർമ്മാണമെന്ന് പ്രതിരോധമന്ത്രി അഭിപ്രായപ്പെട്ടു.
18 യുദ്ധവിമാനങ്ങൾക്കാണ് വ്യോമസേന ഹിന്ദുസ്ഥാൻ എയറോനോട്ടിക്സിന് ഓർഡർ നൽകിയിട്ടുള്ളത്. അവയിൽ എട്ടെണ്ണം 2023-24 കാലയളവിൽ വിതരണം ചെയ്യും . ബാക്കിയുള്ള 10 എണ്ണം 2026-27 നുള്ളിൽ വ്യോമസേനയ്ക്ക് കൈമാറും .
അതേസമയം കൂടുതൽ ഓർഡറുകൾ വ്യോമസേനയിൽ നിന്നും പ്രതീക്ഷിക്കുന്നതായി കമ്പനി അധികൃതർ അറിയിച്ചു

