ഡൽഹി: മഹാദേവ് ഓൺലൈൻ കേസുമായി ബന്ധപ്പെട്ട് ബോളിവുഡ‍് നടൻ രൺബീർ കപൂറിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. ഒക്ടോബർ ആറ്, വെള്ളിയാഴ്ചയ്ക്ക് മുൻപായി ഹാജരാകാനാണ് ആവിശ്യപ്പെട്ടത്.
ഗെയ്മിങ് ആപ്പ് പ്രമോട്ട് ചെയ്യുന്ന നിരവധി പരസ്യങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. ആപ്പിനെതിരായ അന്വേഷണവുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയിൽ 417 കോടി രൂപയുടെ സ്വത്തുക്കൾ ഇ ഡി കണ്ടെത്തിയിരുന്നു. മഹാദേവ് ഓൺലൈനിന്റെ വാതുവെപ്പ് കേസിൽ രൺബീറിനെ കൂടാതെ നിരവധി ബോളിവുഡ് താരങ്ങളും ഗായകരും ഇ ഡി യുടെ നിരീക്ഷണത്തിലാണ്. ടൈഗർ ഷ്രോഫ്, സണ്ണി ലിയോണി, നേഹ കക്കർ, അതിഫ് അസ്ലം, രഹത് ഫത്തേ അലി ഖാൻ, അലി അസ്ഗർ, വിശാൽ ദദ്‌ലാനി, എല്ലി അവ്‌റാം, ഭാരതി സിംഗ്, ഭാഗ്യശ്രീ, കൃതി ഖർബന്ദ, നുഷ്രത്ത് ഭരുച്ച, കൃഷ്ണ അഭിഷേക്, സുഖ്‌വീന്ദർ സിംഗ് എന്നിവരാണ് മറ്റ് പ്രമുഖർ.
യുഎഇയിലെ ഒരു കേന്ദ്ര ഹെഡ് ഓഫീസിൽ നിന്നാണ് ഗെയ്മിങ് ആപ്പ് പ്രവർത്തിക്കുന്നതെന്ന് അന്വേഷണ ഏജൻസി കണ്ടെത്തി. ആപ്പിന് ശ്രീലങ്കയിലും നേപ്പാളിലും കോൾ സെന്ററുകളുണ്ട്. ഈ വർഷം ഫെബ്രുവരിയിൽ യുഎഇയിൽ നടന്ന മഹാദേവ് ആപ്പ് പ്രൊമോട്ടറായ സൗരഭ് ചന്ദ്രക്കറിന്റെ വിവാഹത്തിലും വിജയാഘോഷത്തിലും താരം പങ്കെടുത്തതും ഇ ഡി അന്വേഷിച്ച് വരികയാണ്. 112 കോടി രൂപ ഹവാല വഴി ഒരു ഇവന്റ് മാനേജ്‌മെന്റ് കമ്പനിക്ക് എത്തിച്ചതായാണ് ഇ ഡി ശേഖരിച്ച തെളിവുകളിൽ പറയുന്നത്.

