മുംബൈ: മഹാരാഷ്ട്രയിലെ സർക്കാർ ആശുപത്രിയിൽ രോഗികളുടെ കൂട്ടമരണം തുടരുന്നു. ഏഴ് രോഗികൾ കൂടി മരിച്ചതോടെ കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ ജീവൻ നഷ്ടമായ രോഗികളുടെ എണ്ണം 31 ആയി. 31 രോഗികളിൽ 16 പേർ കുട്ടികളാണ്. മഹാരാഷ്ട്രയിലെ നന്ദേഡിലെ സർക്കാർ ആശുപത്രിയിലാണ് ദാരുണമായ സംഭവം. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന 71 പേരുടെ നില അതീവഗുരുതരമായി തുടരുകയാണ്. 24 മണിക്കൂറിനുള്ളിൽ 12 നവജാതശിശുക്കൾ ഉൾപ്പെടെ 24 മരണങ്ങൾ റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് ഏഴ് രോഗികൾ കൂടി മരിച്ചത്. സ്ത്രീകൾ ഉൾപ്പെടെയുള്ള രോഗികളാണ് മരിച്ചത്.
അശ്രദ്ധ മൂലമാണ് രോഗികളുടെ കൂട്ടമരണം സംഭവിച്ചതെന്ന ആരോപണം ആശുപത്രി അധികൃതർ തള്ളി. മരുന്നുകളുടെയോ ഡോക്ടർമാരുടെയോ ക്ഷാമമില്ല. ആവശ്യമായ ഓക്സിജനും വെന്റിലേറ്റർ സൗകര്യവുമുണ്ട്. സമീപ ജില്ലകളിൽ നിന്നുള്ള രോഗികളാണ് കൂടുതലും. കൃത്യമായ ചികിത്സ നൽകിയിരുന്നുവെങ്കിലും രോഗികൾ ചികിത്സയോട് പ്രതികരിച്ചില്ലെന്നും ആശുപത്രി അധികൃതർ പറഞ്ഞു. രോഗികളുടെ കൂട്ടമരണത്തിന് കാരണം മരുന്നുക്ഷാമവും ജീവനക്കാരുടെ കുറവുമാണെന്ന് കഴിഞ്ഞ ദിവസം റിപ്പോർട്ട് പുറത്തുവന്നിരുന്നു. ഈ റിപ്പോർട്ടുകൾ തള്ളിയാണ് ആശുപത്രി അധികൃതർ ഇപ്പോൾ രംഗത്തുവന്നത്.
ആശുപത്രിയിൽ മരുന്നുകളുടെയോ ഡോക്ടർമാരുടെയോ ക്ഷാമം ഉണ്ടായിരുന്നില്ലെന്ന് മന്ത്രി ഹസൻ മുഷ്‌രിഫ് പറഞ്ഞു. സംഭവിക്കാൻ പാടില്ലാത്ത സംഭവമാണുണ്ടായത്. രോഗികൾ മരിക്കാനിടയായ സാഹചര്യം വിശദമായി പഠിക്കും. വീഴ്ച വരുത്തിയവർക്കെതിരെ നടപടിയുണ്ടാകുമെന്നും വാർത്താ ഏജൻസിയായ എഎൻഐയോട് സംസാരിക്കവെ മന്ത്രി വ്യക്തമാക്കി.

