വയനാട്: തലപ്പുഴക്കടുത്ത് കമ്പമലയിൽ വീണ്ടും മാവോയിസ്റ്റുകളെത്തി. ഇവിടുത്തെ വനവികസനസമിതിയുടെ ഓഫീസ് കഴിഞ്ഞ 28ന് അഞ്ചംഗ സായുധ മാവോയിസ്റ്റ് സംഘമെത്തി അടിച്ചുതകർത്തിരുന്നു. ഇതിന് സമീപമുള്ള എസ്റ്റേറ്റ് പാടിയിലാണ് ബുധനാഴ്ച ആറുമണിയോടെ അഞ്ചംഗ സംഘമെത്തിയത്.
വനവികസന സമിതിയുടെ എസ്റ്റേറ്റിൽ പണിയെടുക്കുന്ന തൊഴിലാളികൾ താമസിക്കുന്നയിടമാണ് പാടി. പാടിക്ക് സമീപം പോലീസ് സ്ഥാപിച്ച നിരീക്ഷണ ക്യാമറകൾ സംഘം അടിച്ചുകർത്തതായും ഇത് ചോദ്യംചെയ്ത നാട്ടുകാരിൽ ചിലരോട് വാക്കേറ്റത്തിലേർപ്പെട്ടതായും വിവരമുണ്ട്. പ്രദേശത്ത് തണ്ടർബോൾട്ടും പോലീസുമെത്തി തെരച്ചിൽ നടത്തുന്നുണ്ട്. 28ന് വന്ന അതേ സംഘമാണ് നേതാവ് സിപി മൊയ്തീന്റെ നേതൃത്വത്തിൽ ബുധനാഴ്ചയും എത്തിയതെന്നാണ് പോലീസ് സൂചിപ്പിക്കുന്നത്. എന്നാൽ രണ്ട് മധ്യവയസ്‌കരും മൂന്ന് യുവാക്കളുമാണ് സംഘത്തിലുണ്ടായിരുന്നതെന്നാണ് നാട്ടുകാർ നൽകുന്ന വിവരം.
പാടിക്ക് സമീപം ഇരുപത് മിനിറ്റോളം ചിലവഴിച്ച സംഘം മൂന്ന് പേജ് വരുന്ന ലഘുലേഖ സ്ഥലത്ത് ഉപേക്ഷിച്ചാണ് സമീപത്തുള്ള തോട്ടം വഴി കാട്ടിലേക്ക് രക്ഷപ്പെട്ടതെന്ന് പറയുന്നു. തൊഴിലാളികളുടെ ദുരിതത്തിന് കാരണം എസ്‌റ്റേറ്റ് മാനേജ്‌മെന്റ് ആണെന്നും, ഇവരെ ജനകീയ വിചാരണ നടത്തി ശിക്ഷിക്കുമെന്നും ലഘുലേഖയിലൂടെ മുന്നറിയിപ്പ് നൽകിയതായി നാട്ടുകാർ പറയുന്നു.

