ഡൽഹി: ജമ്മു കശ്മീരിലെ കുൽഗാമിൽ ബുധനാഴ്ച സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഹിസ്ബുൾ മുജാഹിദീൻ ഭീകരർ കൊല്ലപ്പെട്ടു, ജില്ലയിലെ കുജ്ജർ മേഖലയിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. ഹിസ്ബുൾ ഭീകരവാദികളായ ,ബാസിത് അമിൻ ഭട്ട്, സാഖിബ് അഹമ്മദ് ലോൺ എന്നിവരെയാണ് സുരക്ഷാ സേന വനമേഖലയിൽ നടന്ന ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയത്.
അതെ സമയം ജമ്മു കശ്മീരിലെ രജൗരി ജില്ലയിലെ കലക്കോട്ടെ വനമേഖലയിൽ ഒളിച്ചിരിക്കുന്ന ഭീകരരെ കണ്ടെത്താനുള്ള തിരച്ചിൽ രണ്ടുദിവസം പിന്നിട്ടു. തിങ്കളാഴ്ച ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് സൈനികർക്ക് പരിക്കേറ്റതിനെ തുടർന്നാണ് തിരച്ചിൽ ആരംഭിച്ചത്. സുരക്ഷാ സേനയും പോലീസും പ്രദേശത്ത് സജീവ തിരച്ചിൽ തുടരുകയാണെന്ന് ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. ഡ്രോൺ അടക്കം വിപുലമായ സാങ്കേതിക, നിരീക്ഷണ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തിയാണ് വനമേഖലയിൽ ഭീകരർക്കായുള്ള തിരച്ചിൽ നടത്തുന്നത്.
വനമേഖലയിൽ ഭീകരർ ഒളിച്ചിരിക്കുന്നതായി വിവരം ലഭിച്ചതിനെത്തുടർന്ന് സൈന്യത്തിന്റെയും ജമ്മു കശ്മീർ പോലീസിന്റെയും സംയുക്ത സംഘം വനമേഖല വളഞ്ഞതോടെ ഭീകരർ സൈന്യത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു.ഇതിൽ രണ്ട് സൈനികർക്ക് പരിക്കേറ്റു. തുടർന്ന്,ഭീകരർക്ക് രക്ഷപ്പെടാനുള്ള വഴികൾ അടച്ചതിന് ശേഷം സൈന്യം ശക്തമായി തിരിച്ചടിക്കുകയൂം, തിരച്ചിൽ ആരംഭിക്കുയുമായിരുന്നു
ഈ വർഷം, പിർ പഞ്ചൽ താഴ്‌വരയിലെ രജൗരി, പൂഞ്ച് അതിർത്തി ജില്ലകളിൽ തീവ്രവാദ പ്രവർത്തനങ്ങൾ വർധിച്ചതിനാൽ സൈന്യം സുരക്ഷാ നടപടികൾ ശക്തമാക്കിയിട്ടുണ്ട് .
Discussion about this post