മലപ്പുറം: അധ്യാപികയുടെ വസ്ത്രധാരണ രീതിയിൽ വിവാദം ഉടലെടുത്തതോടെ മനുഷ്യാവകാശ കമ്മീഷൻ ഇടപെടൽ. എടപ്പറ്റ സികെഎച്ച്എംജിഎച്ച്എസ് സ്കൂളിലെ ലെഗ്ഗിൻസ് വിവാദത്തിലാണ് മനുഷ്യാവകാശ കമ്മീഷൻ ഇടപെടൽ.
അദ്ധ്യാപിക ലെഗ്ഗിൻസ് ധരിച്ച് സ്കൂളിൽ എത്തുന്നത് പ്രധാനാധ്യാപിക ചോദ്യം ചെയ്തിരുന്നു. അധ്യാപികയുടെ വസ്ത്രധരണരീതിമൂലം വിദ്യാർത്ഥികൾ യൂണിഫോം കൃത്യമായി ധരിക്കുന്നില്ലെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു പ്രധാനാധ്യാപിക ലെഗ്ഗിൻസ് ധാരണത്തെ ചോദ്യം ചെയ്തത്. ഇതോടെ അദ്ധ്യാപിക മനുഷ്യാവകാശ കമ്മിഷനെ സമീപിക്കുകയായിരുന്നു. സൗകര്യപ്രദമായ വസ്ത്രം ധരിക്കാമെന്ന് സർക്കാർ ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് അധ്യാപിക കമ്മിഷനെ സമീപിചത്
വിദ്യാർഥികൾക്ക് മാതൃക കാണിക്കേണ്ട അധ്യാപകർ ബാലിശമായി പെരുമാറരുതെന്ന് കമ്മിഷൻ ഇരുവർക്കും താക്കീത് നൽകി. ഇത്തരത്തിലുള്ള സമീപനം അപലപനീയമാണെന്ന് വ്യക്തമാക്കിയ കമ്മീഷൻ , ഡിഡിഇയോട് പരാതിയിൽ പരിഹാരം കാണാൻ നിർദേശിച്ചു.
ഡിഡിഇ, സ്കൂൾ സന്ദർശിക്കുകയും , ഇരുവരുടെയും പരാതികൾ നേരിട്ട് കേൾക്കുകയും ചെയ്തു. തുടർന്ന് അധ്യാപകരുടെ വസ്ത്രധാരണ രീതിയിൽ സർക്കാർ പറഞ്ഞിരിക്കുന്ന ‘സൗകര്യപ്രദം’ എന്ന വാക്ക് വ്യക്തിപരമായി തീരുമാനിക്കാമെന്ന് കമ്മിഷനെ അറിയിക്കുകയും ചെയ്തു. പരാതി തീർപ്പാക്കിയതോടെ കേസ് അവസാനിപ്പിച്ചതായി കമ്മീഷൻ വ്യക്തമാക്കി
Discussion about this post