കൊച്ചി : ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായ ‘എമ്പുരാൻ’ ന്റെ ചിത്രീകരണം ആരംഭിച്ചു. ഡൽഹിയിൽ വെച്ചാണ് ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ ചിത്രീകരിക്കുന്നത്. മോഹൻലാൽ, പൃഥ്വിരാജ് ഉൾപ്പെടെയുള്ള താരങ്ങളും , അണിയറപ്രവർത്തകരും കഴിഞ്ഞ ദിവസം ഡൽഹിയിൽ എത്തിയിരുന്നു. ഡൽഹിയിൽ മുപ്പത് ദിവസം ഷൂട്ടിങ് ഉണ്ടാവുമെന്നാണ് സിനിമാവൃത്തങ്ങൾ നൽകുന്ന സൂചന. തുടർന്ന് ഷിംല, ലഡാക്ക് എന്നിവിടങ്ങളിലും ചിത്രീകരണം നടക്കും.
ലൂസിഫർ വൻ ഹിറ്റായതോടെ, രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലായിരുന്നു സിനിമാപ്രേമികൾ. ബ്രഹ്‌മാണ്ഡ ബഡ്ജറ്റിൽ ഒരുങ്ങുന്ന എമ്പുരാന്റെ ചിത്രീകരണം ഇരുപതോളം രാജ്യങ്ങളിലായാണ് നടക്കുന്നത്. മലയാളം , തമിഴ് ,കന്നഡ, തെലുങ്ക്, കൂടാതെ ഹിന്ദിയിലും സിനിമ പ്രദർശനത്തിനെത്തും. ലൈക്ക പ്രൊഡക്ഷന്സും, ആശിർവാദ് സിനിമാസും ചേർന്നാണ് എമ്പുരാൻ നിർമ്മിക്കുന്നത്.
മോഹൻലാൽ,പൃഥ്വിരാജ്, ഇന്ദ്രജിത് , മഞ്ജുവാരിയർ, തുടങ്ങി വൻ താര നിരകളെ അണിനിരത്തിയാണ് രണ്ടാംഭാഗവും പ്രദർശനത്തിനെത്തുക. വിദേശ സിനിമാ താരങ്ങളും ചിത്രത്തിന്റെ ഭാഗമാവുന്നുണ്ട്. അടുത്തവർഷം സിനിമ തീയേറ്ററുകളിൽ എത്തും. ചിത്രത്തിന്റെ പൂജ കഴിഞ്ഞ ചിത്രം സാമൂഹിക മാധ്യമങ്ങളിൽ വൻ ഹിറ്റാവുകയാണ്.

